കാർഷികമേഖലയിൽ കുതിപ്പുമായി നജ്ദ് മേഖല

നജ്ദ് മേഖലയിൽനിന്നുള്ള കാഴ്ച
മസ്കത്ത്: ദോഫാർ തുംറൈത്തിലെ നജ്ദ് മേഖല ഒമാന്റെ ഭക്ഷ്യസുരക്ഷക്ക് പ്രധാന സംഭാവന നൽകുന്ന മേഖലയായി അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. 2023-2024 സീസണിൽ 66 ദശലക്ഷം റിയാലിന്റെ വരുമാനമാണ് ഈ മേഖലയിൽനിന്ന് ലഭിച്ചത്. കന്നുകാലി മേഖല 40 ദശലക്ഷം റിയാലിന്റെ സംഭാവന നൽകിയപ്പോൾ ഗോതമ്പ് ഉൽപാദനത്തിൽനിന്ന് 4.1ദശലക്ഷം റിയാലിന്റെ വരുമാനവും ലഭിക്കുകയുണ്ടായി. ഇത് മേഖലയുടെ വികസിച്ചുകൊണ്ടിരിക്കുന്ന കാർഷിക പ്രധാന്യത്തെ അടിവരയിടുന്നു. സുൽത്താനേറ്റിന്റെ സാമ്പത്തിക വികസനത്തിൽ മേഖലയുടെ വർധിച്ചുവരുന്ന പങ്കിനെ ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം പറയുന്നു.
നജ്ദിലെ കാർഷിക ആസ്തികളുടെ ആകെ മൂല്യം ഏകദേശം 190 ദശലക്ഷം റിയാലിലെത്തിയെന്നും പുതിയ നിക്ഷേപങ്ങൾ ആകെ 50.5 ദശലക്ഷം റിയാലാണെന്നും മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. മേഖലയിലെ നിക്ഷേപകർക്കിടയിൽ വർധിച്ചുവരുന്ന ആത്മവിശ്വാസത്തെയാണിത് പ്രതിഫലിപ്പിക്കുന്നത്. ഇത് പോസിറ്റിവ് സാമ്പത്തിക മുന്നേറ്റത്തിന്റെ സൂചനയാണെന്നും ഉദ്യോഗസ്ഥൻ ചൂണ്ടികാട്ടി.
കാർഷിക ഉൽപാദനത്തിൽ വൻകുതിച്ചുചാട്ടമാണ് നടത്തിയത്. ഈത്തപ്പഴത്തിന്റെ ഉത്പാദനം 2022ലെ 502 ടണ്ണിൽ നിന്ന് 2024ൽ 1,880 ടണ്ണായി വർദ്ധിച്ചു, 274.5 ശതമാനം വർധന. ഗോതമ്പ് ഉൽപാദനം 600 ശതമാനം വർധിച്ച് 2022ലെ 1,500 ടണ്ണിൽ നിന്ന് കഴിഞ്ഞവർഷം 10,510 ടണ്ണായി. ഉൽപാദനത്തിലെ ഈ കുതിച്ചുചാട്ടം വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും പ്രാദേശിക വിപണികളെ ശക്തിപ്പെടുത്തുന്നതിനുമുള്ള നജ്ദിന്റെ കഴിവിനെ എടുത്തുകാണിക്കുന്നു. മേഖലയുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും വലിയ പ്രധാന്യമാണ് നൽകിവരുന്നത്.
2024 ലെ പദ്ധതികൾക്കായി 5.4 ദശലക്ഷം റിയാലാണ് അനുവദിച്ചിരിക്കുന്നത്. ഗതാഗതവും വിപണി പ്രവേശനവും മെച്ചപ്പെടുത്തുന്നതിനായി സൈഹ് അൽ ഖൈരത്തിനെയും ഷിസ്റിനെയും ബന്ധിപ്പിക്കുന്ന 44 കിലോമീറ്റർ റോഡ് നിർമ്മിക്കുന്നതിനുള്ള ടെൻഡറും നൽകിയിട്ടുണ്ട്.
കൂടാതെ, കാർഷിക ഉൽപന്നങ്ങളുടെ ശേഖരണം, തരംതിരിക്കൽ, വിപണനം എന്നിവക്കായി ഒരു സംയോജിത കേന്ദ്രം സൈഹ് അൽ ഖൈരത്തിൽ സ്ഥാപിക്കും. ഇത് വിതരണ ശൃംഖല കാര്യക്ഷമമാക്കുകയും വിള വിപണന കാര്യക്ഷമത വർധിപ്പിക്കുകയും പ്രാദേശിക കർഷകരെ പിന്തുണക്കുകയും ചെയ്യുമെന്നും മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. സുസ്ഥിര വളർച്ച ഉറപ്പാക്കുന്നതിനായി, നജ്ദ് ബേസിനിനായുള്ള ഭൂഗർഭജല മോഡലിങ് പഠനം പൂർത്തിയായി.
കണക്റ്റിവിറ്റിയിലെ കൂടുതൽ നിക്ഷേപങ്ങളിൽ രണ്ട് ആശയവിനിമയ ടവറുകളുടെ നിർമാണവും ഉൾപ്പെടുന്നു. ഒന്ന് സൈഹ് അൽ ഖൈറത്തിനായി അംഗീകരിച്ചിട്ടുണ്ട്. രണ്ടാമത്തേത് അംഗീകാരത്തിനായി കാത്തിരിക്കുന്നു. കാർഷിക ആസൂത്രണത്തിനും കാലാവസ്ഥ പ്രവചനത്തിനും സഹായിക്കുന്നതിനായി ഒരു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതും പദ്ധതിയിട്ടിട്ടുണ്ട്.