കടുത്ത ചൂടിൽ നിന്നും കന്നുകാലികൾക്കും വേണം പരിരക്ഷ

ചൂട് കനക്കുമ്പോൾ മനുഷ്യർ മാത്രമല്ല ദുരിതം അനുഭവിക്കുന്നത്, മൃഗങ്ങൾ കൂടിയാണ്. ചൂടിന്റെ ദുരിതങ്ങളിൽനിന്ന് വളർത്തുമൃഗങ്ങൾക്കും പരിചരണവും പരിരക്ഷയും അത്യാവശ്യമാണ്. കടുത്ത ചൂടിൽ വളർത്തു മൃഗങ്ങളിൽ സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അന്തരീക്ഷ താപനില ക്രമാതീതമായി ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനം തകരാറിലാക്കുകയും ശരീരോഷ്മാവ് പെട്ടെന്ന് വളരെയധികം വർധിക്കുകയും ചെയ്യുമ്പോഴാണ് സൂര്യാതപമുണ്ടാകുന്നത്.
ഇന്ത്യൻ ജനുസിൽപ്പെട്ട കാലികൾ പ്രത്യേകിച്ചും ഹോൾസ്റ്റെൻ ഫ്രീഷ്യൻ ഇനത്തിൽപെട്ടവക്ക് കൂടുതലായി സൂര്യാതപം ഏൽക്കാറുണ്ട്. ഉപാപചയ പ്രവർത്തനങ്ങളിലുള്ള വ്യത്യാസം, തീറ്റയും വെള്ളവും കഴിക്കുന്നതിന്റെ തോത്, വിയർക്കുന്നതിനുള്ള കഴിവ്, തൊലിയുടെ സ്വഭാവം, നിറം എന്നിവയിലുള്ള വ്യത്യാസം മൂലം നാടൻ ജനുസുകൾക്ക്, വിദേശ ജനുസുകളെ അപേക്ഷിച്ച് അന്തരീക്ഷ ചൂടിനെ നേരിടാനുള്ള കഴിവ് കൂടുതലാണ്
ലക്ഷണങ്ങൾ
സൂര്യാതപത്തിന് വിധേയമാകുന്ന പശുക്കൾ ഉന്മേഷക്കുറവ്, വേഗത്തിലും നാവ് നീട്ടിയുമുള്ള ശ്വസനം, കിതപ്പ്, വായയിൽ നിന്നും മൂക്കിൽ നിന്നും പതയോടുകൂടിയ സ്രവം, ചുവന്ന കണ്ണുകൾ, വേഗത്തിലും ക്രമം തെറ്റിയുമുള്ള ഹൃദയമിടിപ്പ്, വർധിച്ച ശരീരോഷ്മാവ് (106 ഡിഗ്രി മുതൽ 1100 F വരെ), ശരീരത്തിന് നിയന്ത്രണമില്ലായ്മ, വിറയൽ, അപസ്മാരം, ശ്വാസതടസ്സം, ബോധക്ഷയം എന്നീ ലക്ഷണങ്ങളെ തുടർന്ന് മരിച്ചുപോകും.
സൂര്യാതപത്തിന് വിധേയമാകുമ്പോൾ പോഷണോപചയാപചയം (metabolic rate) 50 ശതമാനത്തോളം വർധിക്കും. ശരീരത്തിലെ മാംസ്യം കൂടുതലായി ഊർജോൽപാദനത്തിനായി ഉപയോഗിക്കും. വായ ഉണങ്ങി വരളാൻ ഇടയാകുന്നതിനാൽ അതിയായ ദാഹം അനുഭവപ്പെടും. മൂത്രത്തിന്റെ അളവ് കുറയും. ഉയർന്ന അന്തരീക്ഷ ചൂട്, കറവ വറ്റിയ പശുക്കളെ അപേക്ഷിച്ച്, കറവയുള്ളവയെയാണ് കൂടുതലായി ബാധിക്കുന്നത്.
കാരണങ്ങൾ
അന്തരീക്ഷത്തിലെ അതിയായ ചൂട്, ഉയർന്ന അന്തരീക്ഷ ഈർപ്പം, വായു സഞ്ചാരം കുറവുള്ള തൊഴുത്ത്, തൊഴുത്തിലെ സ്ഥലലഭ്യതക്കുറവ്, ചൂട് സമയത്തുള്ള യാത്ര, അനാവശ്യമായ വേദനിപ്പിക്കലും ഭയപ്പെടുത്തലും, ആവശ്യാനുസരണം കുടിവെള്ളം ലഭ്യമാക്കാതിരിക്കൽ എന്നിവ സൂര്യാഘാതത്തിന് കാരണമാകാറുണ്ട്. കന്നുകുട്ടികൾക്കും വളരെ പ്രായംകൂടിയ പശുക്കൾക്കും ചൂട് സഹിക്കാനുള്ള കഴിവ് കുറവാണ്. മറ്റ് രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ള ഉരുക്കളെ സൂര്യാഘാതം കൂടുതലായി ബാധിക്കും.
തുറന്നുവിട്ട് വളർത്തുന്നവയെ അപേക്ഷിച്ച് തൊഴുത്തിൽതന്നെ വളർത്തുന്നവയെയാണ് കൂടുതലായി ബാധിക്കുന്നത്. താരതമ്യേന ശരീരഭാരം കൂടുത ലുള്ളവയെയും കറുത്ത നിറമുള്ളവയെയും മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതലായി ബാധിക്കും. അതികഠിനമായ സൂര്യതാപം ഏൽക്കാൻ ഇടയായ പാശുക്കൾക്ക് പിന്നീട് ചെറിയ ചൂടിൽ പോലും അസ്വസ്ഥത അനുഭവപ്പെടും.
സൂര്യാതപത്തിന്റെ അനന്തര ഫലങ്ങൾ
ഇപ്പോൾ നമ്മുടെ ശരാശരി അന്തരീക്ഷ ഊഷ്മാവ് 38 ഡിഗ്രി സെൽഷ്യസിൽ എത്തി നിൽക്കുന്നു. 28 ഡിഗ്രിയിൽ നിന്നും 38ൽ എത്തുമ്പോൾ ദിവസവും കുടിക്കുന്ന വെള്ളത്തിന്റെ അളവ് ഇരട്ടിയാകും. പശുവിന്റെ ശരീര ഭാരം, കറവകാലത്തിന്റെ ഘട്ടം, നൽകുന്ന തീറ്റയിലെ ജലാംശത്തിന്റെ അളവ് എന്നിവയും, ദിവസവും കുടിക്കുന്ന വെള്ളത്തിന്റെ അളവിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കുടി ക്കുന്ന വെള്ളം പശുക്കളിൽ നിർജലീകരണം പ്രതിരോധിക്കുകയും, ശരീരത്തിലെ ചൂടിനെ വിയർപ്പിലൂടെയും മൂത്രത്തിലൂടെയും പുറന്തള്ളാൻ സഹായിക്കുകയും ചെയ്യും.
ശരീരോഷ്മാവ് കുറക്കുന്നതിനുള്ള പശുക്കളുടെ കഴിവ് താരതമ്യേന കുറവാണ്. മനുഷ്യർക്ക് വിയർക്കാനുള്ള കഴിവുമായി താരതമ്യം ചെയ്യുമ്പോൾ, പശുക്കൾക്ക് അതിന്റെ 10 ശതമാനം മാത്രമേ വിയർക്കാറുള്ളൂ എന്നത് അവയെ കൂടുതലായി സൂര്യാഘാതത്തിന് വിധേയമാക്കുന്നു. വിയർപ്പിലൂടെ ചൂട് കുറക്കാനുള്ള കഴിവ് കുറവായതിനാൽ കാലികൾ ശരീരം തണുപ്പിക്കാൻ കൂടുതലായി ആശ്രയിക്കുന്നത് ശ്വസനത്തെയാണ്.
വിയർപ്പിലൂടെ ധാരാളം പൊട്ടാസ്യവും, ഉമിനീരിലൂടെ ധാരാളം ബൈകാർബണേറ്റും മൂത്രത്തിലൂടെ ധാരാളം സോഡിയവും ശരീരത്തിൽനിന്നും നഷ്ടപ്പെടും. പശുക്കളുടെ ആമാശയത്തിന്റെ അറകളിലൊന്നായ റൂമനിൽ നടക്കുന്ന ഫെർമന്റേഷൻ പ്രക്രിയയും ശരീരചൂട് വർധിക്കുന്നതിന് കാരണമാകും. താരതമ്യേന ചൂട് കൂടുതലുള്ള പകൽസമയത്ത് ശരീരത്തിൽ കെട്ടിനിൽക്കുന്ന ചൂടിനെ പശുക്കൾ പുറന്തള്ളുന്നത് ചൂട് കുറഞ്ഞ രാത്രി സമയങ്ങളിലാണ്.
രാത്രിയിലെ ചൂടും ക്രമാതീതമായി വർധിക്കുമ്പോൾ, പശുക്കളുടെ ശാരീരിക പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കും. കഠിനമായ സൂര്യതാപം വന്ധ്യതക്കും കാരണമാകും. സൂര്യാതപം ബാധിക്കുന്നത് അന്തരീക്ഷ ചൂടിനെയും ഈർപ്പത്തെയും വായുസഞ്ചാരത്തെയും ആശ്രയിച്ചാണ്. അന്തരീക്ഷ ഊഷ്മാവും ഈർപ്പവും വർധിക്കുകയും രാത്രിയിലെ അന്തരീക്ഷ ഊഷ്മാവ് താഴാതിരിക്കുകയും ചെയ്യുമ്പോഴാണ് അതികഠിനമായ സൂര്യാഘാതം നേരിടേണ്ടിവരുന്നത്.
വിദേശയിനം പശുക്കൾക്ക് കൂടുതലായി പാലുൽപാദിപ്പിക്കാൻ സാധിക്കുന്നത്, അവയെ നാല് ഡിഗ്രി മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയുള്ള അന്തരീക്ഷ ഊഷ്മാവിൽ താമസിപ്പിക്കുമ്പോഴാണ്. അതേസമയം നാടൻ ജനുസുകൾക്ക് ഏറ്റവും അനുയോജ്യമായ അന്തരീക്ഷം ചൂട് 10 ഡിഗ്രി മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെയാണ്. അന്തരീക്ഷ ഊഷ്മാവ് 38 ഡിഗ്രിയിൽ എത്തിനിൽക്കുന്ന സമയത്ത് നമ്മുടെ സങ്കരയിനം പശുക്കൾക്ക് മുമ്പ് നൽകിയതിന്റെ ഇരട്ടി വെള്ളവും ശ്രദ്ധയോടുകൂടിയ പരിപാലനവും അനിവാര്യമാണ്.
സൂര്യാതപം കൂടുതലായി ഏൽക്കുമ്പോൾ സാധാരണ കഴിക്കാറുള്ള തീറ്റയുടെ എട്ട്-10 ശതമാനം മാത്രമേ കഴിക്കുകയുള്ളൂ. തീറ്റയും പുല്ലും കഴിക്കുന്നത് കുറയുന്നതിനാൽ പാലുൽപാദനം കുറയാനും, ഉൽപാദിപ്പിക്കുന്ന പാലിലെ കൊഴുപ്പിന്റെ അളവ് കുറയാനും കാരണമാകും. ആവശ്യാനുസരണം ശുദ്ധജലവും ശരിയായ പരിചരണവും നൽകി, ശരീരത്തിന്റെ ചൂട് വർധിക്കാൻ ഇടയാക്കുന്ന കാര്യങ്ങൾ ഒഴിവാക്കി, അവയെ സംരക്ഷിക്കേണ്ടതാണ്. കന്നുകാലികൾ സൂര്യാതപത്തിന്റെ ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ ഉടൻ വിദഗ്ധ ചികിത്സ ലഭ്യമാക്കണം.
സൂര്യാതപത്തെ എങ്ങനെ പ്രതിരോധിക്കാം?
മൃഗങ്ങളെ വായുസഞ്ചാരവും തണലുമുള്ള സ്ഥലത്ത് മാത്രം പാർപ്പിക്കണം. നിലത്ത് വെള്ളം നനച്ച് ഉരുക്കളെ തണുത്ത പ്രതലത്തിൽ നിർത്തുന്നത് നല്ലതാണ്. തൊഴുത്തിന്റെ മേൽക്കൂരയിലും ചുമരുകളിലും വെള്ളം തളിക്കുന്നത് ആശ്വാസം നൽകും. വലിയ ജലകണികകൾ ഉണ്ടാക്കുന്ന സ്പ്രിംഗ്ളർ ഉപയോഗിച്ച് ദേഹത്ത് വെള്ളം നനക്കുന്നത് ഗുണം ചെയ്യും. എന്നാൽ, വെള്ളകണികകൾ വളരെ ചെറുതായാൽ അന്തരീക്ഷവായുവിലെ ഈർപ്പം വർധിക്കുകയും പശുക്കൾക്ക് കൂടുതൽ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.
ദിവസവും രണ്ടുനേരം കുളിപ്പിക്കണം. തൊഴുത്തിന്റെ മേൽക്കൂരക്ക് മുകളിൽ വൈക്കോൽ നിരത്തി വെള്ളം തളിക്കുന്നത് നല്ലതാണ്. മേൽക്കൂരക്ക് താഴെയായി ഓല കൊണ്ടുള്ള ഇട മേൽക്കൂരയുണ്ടാക്കുന്നതും നല്ലതാണ്. തൊഴുത്തിന്റെ പരിസരത്ത് പച്ചപ്പുൽ കൃഷി ചെയ്യുകയാണെങ്കിൽ തൊഴുത്തിലെ ചൂട് ഗണ്യമായി കുറക്കാൻ സാധിക്കും. തൊഴുത്തിൽ ഫാൻ പ്രവർത്തിപ്പിക്കുന്നതും നല്ലതാണ്. തണുത്ത വെള്ളം ആവശ്യാനുസരണം കുടിക്കാൻ ലഭ്യമാക്കണം. ഐസ് ബ്ലോക്കുകൾ നൽകുന്നതും നല്ലതാണ്. ചൂട് കൂടുതലുള്ള പകൽ സമയത്ത് പോഷകസമ്പുഷ്ടമായ സാന്ദ്രീകൃത തീറ്റയും ചൂട് കുറവുള്ള രാത്രി സമയത്ത് വൈക്കോലും പച്ചപ്പുല്ലും കൂടുതലായി നൽകാം.
വൈക്കോലും പച്ചപ്പുല്ലും സാന്ദ്രീകൃത തീറ്റയെ അപേക്ഷിച്ച് ശരീരത്തിൽ കൂടുതലായി ചൂടുണ്ടാക്കും. അതുകാരണം തുടർന്നുള്ള തീറ്റ കഴിക്കലിനെ കുറക്കുകയും ചെയ്യും. ആകെ കഴിക്കുന്ന തീറ്റ കുറവായതിനാൽ, സൂര്യതാപസമയത്ത് നൽകുന്ന തീറ്റ വളരെ പോഷകസമ്പുഷ്ടമാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നല്ല ചൂട് കാലത്ത് ആകെ നൽകേണ്ട തീറ്റയുടെ 68-70 ശതമാനം തീറ്റയും രാത്രി എട്ടുമണിക്കും രാവിലെ എട്ടുമണിക്കും ഇടയിൽ നൽകുകയാണെങ്കിൽ പാലുൽപാദനം ഗണ്യമായി കുറയാതെ നിലനിർത്താൻ സാധിക്കും.
പകൽസമയം രാവിലെ 10 മണിക്കും വൈകീട്ട് നാലുമണിക്കുമിടയിൽ പശുക്കളെ മേയാൻ വിടരുത്. സാധ്യമെങ്കിൽ ചൂട് സമയത്ത് മൃഗങ്ങളെ യാത്രചെയ്യിപ്പിക്കരുത്. അതിയായ അന്തരീക്ഷ ചൂടിൽ നിൽക്കുന്ന പശുക്കളുടെ ശരീരോഷ്മാവ് ഉച്ചക്കുശേഷം കൂടുതലാവുകയും രാത്രിയിൽ കുറഞ്ഞുവന്ന് സൂര്യോദയത്തിന് മുമ്പായി ഏറ്റവും കുറഞ്ഞ തോതിലെത്തുകയും പിന്നീട് പകൽ വീണ്ടും കൂടിവരുകയും ചെയ്യും. ആയതിനാൽ നടത്തിക്കുന്നതിന് ഏറ്റവും നല്ലത് അതിരാവിലെയാണ്.�