കശ്മീരിൽ വളരുന്ന കുങ്കുമം കേരളത്തിൽ കൃഷി ചെയ്ത് യുവാവ്… കൃഷി വിജയകരമാക്കിയത് ഈ സൂത്രപ്പണിയിലൂടെ

ശേഷാദ്രി മട്ടുപ്പാവിലെ കൃഷിയിടത്തിൽ

കശ്മീരിലും ഇറാനിലുമെല്ലാം സമൃദ്ധമായി വളരുന്ന കുങ്കുമം കേരളത്തിൽ ആദ്യമായി മട്ടുപ്പാവിൽ കൃഷിചെയ്തിരിക്കുകയാണ് സുൽത്താൻ ബത്തേരി മലവയൽ സ്വദേശി എസ്. ശേഷാദ്രി.

കശ്മീരിലെ പാംപൂരിലെ കാലാവസ്ഥ സ്വന്തം വീട്ടിൽ കൃത്രിമമായി ഒരുക്കിയാണ് ശേഷാദ്രി 400 കിലോ കുങ്കുമപ്പൂ കൃഷി ചെയ്ത് കാർഷിക രംഗത്ത് വലിയ മുന്നേറ്റം നടത്തിയിരിക്കുന്നത്.

നൂതന സംരംഭം എന്ന ആഗ്രഹമാണ് എൻജിനീയറായ ശേഷാദ്രിയെ കുങ്കുമപ്പൂ കൃഷിയിലേക്ക് എത്തിച്ചത്.

പുണെ മോഡൽ

കേരളത്തിലെ കാലാവസ്ഥയിൽ വളരുന്നതോ പൂവിടുന്നതോ അല്ലെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുങ്കുമം കൃഷി ചെയ്യുന്നുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ ശേഷാദ്രിക്ക് ആത്മവിശ്വാസമേറി.

കൃത്രിമ അന്തരീക്ഷമൊരുക്കി കുങ്കുമപ്പൂ കൃഷിചെയ്യുന്ന പുണെയിലെ ഒരാളെ പരിചയപ്പെട്ടതോടെയാണ് ആ ഐഡിയ ഇവിടെയും പരീക്ഷിച്ചാലോ എന്ന ചിന്ത മനസ്സിൽ വിത്തുപാകിയത്.

അദ്ദേഹത്തിന്റേതടക്കം വിവിധ കൃഷിയിടങ്ങൾ സന്ദർശിച്ച് ഗഹനമായി പഠിച്ച ശേഷം സംരംഭവുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നു.

മട്ടുപ്പാവിലെ ‘കശ്മീർ’

സുൽത്താൻ ബത്തേരിയിലെ വീടിന്‍റെ മട്ടുപ്പാവിൽ പ്രത്യേക മുറി സജ്ജീകരിച്ചാണ് ശേഷാദ്രി കൃഷിയിലേക്കിറങ്ങുന്നത്. കശ്മീരിൽ ഏറ്റവും കൂടുതൽ കുങ്കുമം കൃഷി ചെയ്യുന്ന പാംപൂരിലെ കാലാവസ്ഥയെയും അതിന്‍റെ വ്യതിയാനത്തെയും കുറിച്ച് പഠിക്കുകയും ചൂടും തണുപ്പും ഈർപ്പവുമെല്ലാം ആ കാലാവസ്ഥക്കനുസരിച്ച് കൃത്രിമമായി സംവിധാനിക്കാനുള്ള യന്ത്രങ്ങളടക്കം റൂമിൽ ഒരുക്കുകയും ചെയ്തു.

പാംപൂരിലെ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളുടെ ചാർട്ട് തയാറാക്കി അതനുസരിച്ച് ഓരോ മാസവും ഈർപ്പവും ചൂടുമെല്ലാം മുറിക്കകത്ത് ക്രമീകരിച്ചു. പുറത്തുനിന്നുള്ള ചൂടോ ഈർപ്പമോ തണുപ്പോ അകത്ത് പ്രവേശിക്കാത്ത രീതിയിൽ രണ്ടര ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച മുറി സിൽവർ കോട്ടിങ് നടത്തിയാണ് ഒരുക്കിയത്.

കൃഷിരീതി

കശ്മീരിൽനിന്ന് എത്തിച്ച 400 കിലോ കുങ്കുമത്തൈകൾ ഏഴു തട്ടുകളിലായി പ്രത്യേക പാത്രത്തിലാണ് സജ്ജമാക്കിയത്. മണ്ണും വെള്ളവും ആവശ്യമില്ലാത്ത രീതിയിൽ ഈർപ്പമടക്കം ക്രമീകരിച്ച് പ്രകാശത്തിനും മറ്റും പ്രത്യേക സംവിധാനങ്ങളൊരുക്കി നാലുമാസം കൊണ്ടാണ് മട്ടുപ്പാവിനെ കൃഷിയിടമാക്കിയത്. ആഗസ്റ്റിനും ഡിസംബറിനും ഇടയിലെ സമയമാണ് ശേഷാദ്രി കൃഷിക്കായി തിരഞ്ഞെടുത്തത്.

പൂവിരിഞ്ഞശേഷം മധ്യത്തിലായി നൂലുപോലെ വിരിയുന്ന മൂന്ന് നാരുകളാണ് കുങ്കുമം. വിളവെടുപ്പ് പ്രത്യേക രീതിയിലാണ്. 150 പൂവിൽനിന്നാണ് ഉണങ്ങിയാലുള്ള ഒരു ഗ്രാം കുങ്കുമം ലഭിക്കുക. ഒരു വിത്ത് (ബൾബ്) തന്നെ ഏഴുതവണ വരെ കൃഷിക്ക് ഉപയോഗിക്കാമെന്ന് ശേഷാദ്രി പറയുന്നു.

അതായത്, ഒരു വിത്തിൽനിന്ന് ഏഴുതവണ വരെ കൃഷി നടത്താനാകും. ഒറ്റ ക്കൃഷിയിൽ ഒരു വിത്തിൽ ചിലപ്പോൾ രണ്ടും മൂന്നും പൂക്കൾ വിരിയും. കുങ്കുമ നൂലിന് പുറമെ വയലറ്റ് നിറത്തിലുള്ള ചെടിയുടെ പൂക്കൾ സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനും മറ്റും ഉപയോഗിക്കുന്നുണ്ട്.

കൃത്രിമ കാലാവസ്ഥയൊരുക്കി കുങ്കുമം കൃഷി ചെയ്യുന്നതിലൂടെ ബാക്ടീരിയയുടെയും ഫംഗസിന്‍റെയും ആക്രമണം തടയാനും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വിളനാശം ഇല്ലാതാക്കാനും കഴിയുന്നു.

പദ്യാന വീട്ടിൽ ശിവകുമാറിന്‍റെയും സർവമംഗലത്തിന്‍റെയും മകനായ 33കാരനായ ശേഷാദ്രി 2014ൽ എൻജിനീയറിങ് പാസായ ശേഷം ഒമ്പതു വർഷത്തെ ജോലി മതിയാക്കിയാണ് കുങ്കുമ കൃഷിയിലേക്ക് തിരിഞ്ഞത്.

Related Post