തണ്ണീര്‍മുക്കത്തെ തൊഴിലുറപ്പ് പെണ്ണുങ്ങൾ മണ്ണിലിറങ്ങി; നൂറുമേനി വിജയത്തിളക്കം

1. തണ്ണീർമുക്കത്ത് തൊഴിലുറപ്പ് വനിതകൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരുക്കിയ പച്ചക്കറിത്തോട്ടം, 2. തൊഴിലുറപ്പ് വനിതകൂട്ടായ്മയുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടത്തിൽനിന്ന് വിളവെടുത്ത ഉൽപന്നങ്ങൾ വിറ്റഴിക്കുന്ന നാട്ടുചന്ത
ആലപ്പുഴ: തണ്ണീർമുക്കത്തെ തൊഴിലുറപ്പ് പെണ്ണുങ്ങൾ മണ്ണിലിറങ്ങിയപ്പോൾ നൂറുമേനി വിജയത്തിളക്കം. പച്ചക്കറികൃഷിയില്‍ നൂറുമേനി വിളയിച്ചാണ് തണ്ണീര്‍മുക്കത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ വനിതാകൂട്ടായ്മയുടെ വിജയഗാഥ. രണ്ടാം വാർഡ് എസ്.ബിപുരത്തെ വാത്യാട്ടുകളരി പ്രദേശത്ത് അഞ്ചേക്കർ സ്ഥലത്ത് 25 വനിതകൾ ചേർന്ന് ആരംഭിച്ച പച്ചക്കറിത്തോട്ടത്തില്‍ വിളവെടുപ്പുത്സവമാണ്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും കൃഷിവകുപ്പിന്റെ പോഷക സമൃദ്ധിമിഷനും സംയോജിപ്പിച്ചാണ് തൊഴിലുറപ്പ് തൊഴിലാളികളായ വനിതകള്‍ മാതൃകാപരമായ കാർഷിക മുന്നേറ്റം സാധ്യമാക്കിയത്. അച്ചിങ്ങ, പാവയ്ക്ക, തക്കാളി, വെണ്ടയ്ക്ക, പച്ചമുളക് തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കഴിഞ്ഞ നവംബറിൽ മന്ത്രി പി. പ്രസാദാണ് നടീൽ ഉദ്ഘാടനം നിർവഹിച്ചത്.
തുള്ളിനന രീതിയുള്‍പ്പെടെ അത്യാധുനിക രീതികൾ അവലംബിച്ചാണ് കൃഷി. ആവശ്യമായ വിത്ത്, വളം, സാങ്കേതിക സഹായങ്ങൾ എന്നിവയെല്ലാം നൽകി തണ്ണീർമുക്കം കൃഷിഭവനും വനിതകള്ക്കൊപ്പമുണ്ട്. ദിവസം ശരാശരി 40 കിലോ വീതം അച്ചിങ്ങയും വെണ്ടക്കയും വിളവെടുക്കുന്നുണ്ട്. കൂടാതെ 30 കിലോയോളം പാവക്കയും 12 കിലോയോളം പച്ചമുളകും ദിനവും ലഭിക്കുന്നു. പൂർണ്ണമായും ജൈവ കൃഷിയായതിനാൽ ആവശ്യക്കാർ കൃഷിയിടത്തിലേക്ക് നേരിട്ടെത്തിയാണ് പച്ചക്കറികൾ വാങ്ങുന്നത്. 8000നും 10000നും ഇടയിൽ ദിവസ വരുമാനം ലഭിക്കുന്നുണ്ടെന്ന് വനിതാ കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
തൊഴിലുറപ്പ് കൂലിക്ക് പുറമേ ഇവർക്കിത് അധിക വരുമാനത്തിനുള്ള വഴികൂടിയാണ്. മികച്ച നേട്ടം കിട്ടിയതോടെ കൃഷി കൂടുതൽ വിപുലമാക്കുന്നതിന് തൊട്ടടുത്ത ഒന്നരയേക്കർ പാടശേഖരത്തിലും വനിതകൂട്ടായ്മ കൃഷിയിറക്കിയിട്ടുണ്ട്. ചീര, വഴുതന, പടവലം, പാവൽ, വെള്ളരിക്ക തുടങ്ങിയവയാണ് കൃഷിചെയ്യുന്നത്.
കൃഷി പൂർണ വിജയമായതോടെ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് പഞ്ചായത്തും കൃഷിഭവനും ചേർന്ന് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. മികച്ച വിപണി കണ്ടെത്താൻ കുടുംബശ്രീവഴി വിപണന കേന്ദ്രം ഉടൻ സ്ഥാപിക്കുമെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന രണ്ടാം വാർഡ് അംഗം കൂടിയായ പ്രവീൺ ജി. പണിക്കർ പറഞ്ഞു.