തിരുവനന്തപുരം, കൊല്ലം കനത്ത മഴ, മറ്റുജില്ലകളില്‍ കൊടുംചൂട്

തിരുവനന്തപുരം, കൊല്ലം കനത്ത മഴ, മറ്റുജില്ലകളില്‍ കൊടുംചൂട്

മാലദ്വീപിനും കന്യാകുമാരി കടലിനും ഇടയിലായി പടിഞ്ഞാറന്‍ ഭൂമധ്യരേഖാ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ട ചക്രവാത ചുഴിയെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ തെക്കന്‍ കേരളത്തില്‍ തുടര്‍ച്ചയായ മഴ ലഭിച്ചു. സമുദ്ര നിരപ്പില്‍ നിന്ന് 5.8 കി.മി ഉയരത്തില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്നാണ് കേരളത്തില്‍ മഴ നല്‍കിയത്.

തിരുവനന്തപുരം കനത്ത മഴ

ഇന്നലെ മേഘങ്ങള്‍ക്ക് കരകയറാന്‍ ചില സാങ്കേതിക തടസ്സങ്ങളുള്ളതിനാല്‍ മാലദ്വീപിലും ലക്ഷദ്വീപിലും ശ്രീലങ്കയിലുമായിരുന്നു കനത്ത മഴ ലഭിച്ചത്. ഇന്ന് രാവിലെയോടെ കിഴക്കന്‍ തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലേക്ക് മേഘങ്ങള്‍ കയറി. രാവിലെ മുതല്‍ എറണാകുളം മുതല്‍ തെക്കോട്ട് മേഘാവൃതമാകുകയും രാവിലെ 10 ഓടെ തിരുവനന്തപുരത്ത് മഴ തുടങ്ങുകയും ചെയ്തു. പിന്നീട് മഴ കൊല്ലം ജില്ലയിലേക്കും വ്യാപിച്ചു. കടുത്ത വേനല്‍ചൂടിന് മഴ ആശ്വാസമായി. തലസ്ഥാനത്ത് രാവിലെ മുതല്‍ വൈകുന്നേരംവരെ തുടര്‍ച്ചയായി മഴ ലഭിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ടും നല്‍കിയിരുന്നു.

വടക്കും ഒറ്റപ്പെട്ട മഴ

വടക്കന്‍ കേരളത്തില്‍ ഇന്നും വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടു. കോഴിക്കോട് വരെ ഇടയ്ക്കിടെ മേഘങ്ങള്‍ വന്നുപോയി. വൈകിട്ട് കോഴിക്കോട് ജില്ലയിലെ പുന്നക്കല്‍, കോടഞ്ചേരി പ്രദേശങ്ങളില്‍ മഴ ലഭിച്ചു. പടിഞ്ഞാറത്തറ ഉള്‍പ്പെടെ വയനാട്ടിലും മഴ ലഭിച്ചു. കോഴിക്കോടിന്റെ കിഴക്കന്‍ മേഖല, മലപ്പുറം ജില്ലയുടെ കിഴക്ക്, വയനാട് മേഖല എന്നിവിടങ്ങളില്‍ രാത്രിയിലും മഴ സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ കുന്നമംഗലം, പുന്നക്കൽ, കാരന്തൂർ തുടങ്ങിയ പ്രദേശങ്ങളിൽ മഴ ലഭിച്ചു.തിരുവനന്തപുരം ജില്ലയിൽ കരകുളം, വെള്ളയമ്പലം, ശാസ്തമംഗലം, പാളയം,കാട്ടാക്കട തുടങ്ങിയ പ്രദേശങ്ങളിലും മഴ ലഭിച്ചു.കൊല്ലം ജില്ലയിൽ തട്ടാർക്കോണം കുതിര മുക്ക്,ചിന്നക്കട തുടങ്ങിയ പ്രദേശങ്ങളിലും മഴ ലഭിച്ചു. കോട്ടയം ജില്ലയിലെ പാലായിൽ നേരിയ മഴ ലഭിച്ചു.

മറ്റു ജില്ലകളില്‍ ചൂട്

അതേസമയം മറ്റു ജില്ലകളില്‍ കൊടുംചൂട് മാറ്റമില്ലാതെ തുടരുകയാണ്. കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം ഉച്ചയ്ക്ക് എറണാകുളം കളമശ്ശേരിയില്‍ 46.6 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഈ കണക്ക് കാലാവസ്ഥാ വകുപ്പ് ഔദ്യോഗിക കണക്കായി രേഖപ്പെടുത്താറില്ല.

കാസര്‍കോട് 40.9, കണ്ണൂര്‍ ചെമ്പേരി 41, മലപ്പുറം നിലമ്പൂര്‍ 40.5, പാലക്കാട് കാഞ്ഞിരപ്പുഴ 41.9, ആലപ്പുഴ 41.4 ഡിഗ്രിയും താപനില രേഖപ്പെടുത്തിയിട്ടുണ്ട്. താപനില സാധാരണയേക്കാള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

അള്‍ട്രാവയലറ്റ് സൂചിക

അള്‍ട്രാവയലറ്റ് സൂചികയനുസരിച്ച് കൊട്ടാരക്കര (കൊല്ലം), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂര്‍ (ആലപ്പുഴ), മൂന്നാര്‍(ഇടുക്കി), പൊന്നാനി(മലപ്പുറം) എന്നിവിടങ്ങളില്‍ അതീവജാഗ്രതയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് നല്‍കി. മൂന്നാറില്‍ 10 ആണ് യു.വി ഇന്‍ഡക്‌സ് നിരക്ക്. രേഖപ്പെടുത്തിയത്.മറ്റിടങ്ങളില്‍ ഏഴ് മുതല്‍ ഒന്‍പത് വരെയാണ് രേഖപ്പെടുത്തിയത്. പതിനൊന്നിന് മുകളിലായാല്‍ ഗുരുതര സാഹചര്യത്തിനുള്ള മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.

metbeat news

The post തിരുവനന്തപുരം, കൊല്ലം കനത്ത മഴ, മറ്റുജില്ലകളില്‍ കൊടുംചൂട് appeared first on Metbeat News.

Related Post