വെറ്റിലക്കൃഷി അന്യമാവുന്നു

കൊയിലാണ്ടി: കാർഷിക മേഖലയിൽ ഒരു കാലത്ത് കർഷകരുടെ മുഖ്യകൃഷിയും വരുമാന മാർഗവുമായിരുന്ന വെറ്റിലക്കൃഷി നാട്ടിൻപുറങ്ങളിൽനിന്ന് അന്യമാവുന്നു. ആവശ്യക്കാർ കുറഞ്ഞതും പുതുതായി കൃഷിക്ക് ആരും മുന്നിട്ടിറങ്ങാത്തതും കാരണം ഈ മേഖല ഏറക്കുറെ അവസാസിച്ച അവസ്ഥയിലെത്തി. വീട്ടുപറമ്പുകളിലായിരുന്നു പഴയ കാലത്ത് വെറ്റിലക്കൃഷി നടത്തിയിരുന്നത്. കൃഷി തുടങ്ങി മാസങ്ങൾ കഴിഞ്ഞ് പാകമെത്തുമ്പോൾ പറിച്ചെടുക്കുന്ന വെറ്റിലകൾ അടുക്കുകളാക്കി കെട്ടി കടകളിൽ കൊണ്ടുപോയി വിൽപന നടത്തിയാണ് അക്കാലത്ത് പലരും ജീവിതമാർഗം കണ്ടെത്തിയിരുന്നത്. തിക്കോടി, പേരാമ്പ്ര, വടകര എന്നിവടങ്ങളിൽ മുമ്പ് വെറ്റിലച്ചന്തകൾ സജീവമായിരുന്നു. കർഷകർ വെറ്റിലയുമായി അതിരാവിലെ ചന്തയിലെത്തിയാൽ ഏജൻസികളായിരുന്നു ഇത് വാങ്ങിയിരുന്നത്.
തടമെടുത്ത് വെറ്റിലത്തണ്ട് കുഴിച്ചിട്ട്, വലുതാവാൻ തുടങ്ങുമ്പോൾ മുളകൊണ്ട് നാലുഭാഗത്തും പന്തൽപോലെ വെച്ചുകെട്ടി അതിലായിരുന്നു വെറ്റിലത്തണ്ട് പടർത്തിയിരുന്നത്. അന്ന് ഈ ജോലിയിൽ പ്രാവീണ്യമുള്ളവരും ഏറെയായിരുന്നു. കൃഷി നനക്കാൻ ചെറിയ കിണറും നിർമിച്ചിരുന്നു. എന്നാൽ, മുളക്ക് ക്രമാതീതമായി വില ഉയരുകയും ഈ രംഗത്ത് തൊഴിൽ വൈദഗ്ധ്യമുള്ളവർ കുറഞ്ഞുവരുകയും ചെയ്തതോടെ വെറ്റിലക്കൃഷിയെ ആളുകൾ കൈയൊഴിയുകയായിരുന്നു.
ഇപ്പോൾ വെറ്റിലക്ക് പൊതുവേ ഡിമാന്റ് കുറവാണെങ്കിലും നാട്ടിൻപുറത്ത് കടകളിൽ ഇന്നും അപൂർവമായി വെറ്റില കാണാം. എന്നാൽ, ഇവ മറ്റു സ്ഥലത്തുനിന്ന് എത്തിക്കുന്നതാണെന്ന് കടക്കാർ പറയുന്നു. വിസ്തൃതമായ പറമ്പുകളിൽ നേരിട്ടും പാട്ടത്തിനെടുത്തും നടത്തിയ വെറ്റിലക്കൃഷികൾ പഴമക്കാരുടെ ഓർമകളെ ഇന്നും മുറുക്കിച്ചുവപ്പിക്കുന്നു.