സംസ്ഥാനത്തെ പച്ചക്കറി ഉൽപാദനം 17.21 ലക്ഷം മെട്രിക് ടൺ ആയെന്ന് പി. പ്രസാദ്

കോഴിക്കോട് : സംസ്ഥാനത്തെ പച്ചക്കറി ഉൽപാദനം 2023-24 വർഷത്തിൽ 17.21 ലക്ഷം മെട്രിക് ടൺ ആയി വർധിച്ചുവെന്ന് പി. പ്രസാദ്. നിലവിലെ സർക്കാർ അധികാരമേറ്റ 2020-21 വർഷത്തിൽ സംസ്ഥാനത്തെ പച്ചക്കറിയുല്പാദനം 15.7 ആഭ്യന്തര മെട്രിക് ടൺ ആയിരുന്നു. നാഷണൽ സാമ്പിൾ സർവേ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് പ്രതിവർഷം 20 ലക്ഷം മെട്രിക് ടൺ പച്ചക്കറികളാണ് ആവശ്യമായി വരുന്നത്. നിലവിൽ 17.21 ലക്ഷം മെട്രിക് ടൺ പച്ചക്കറിയാണ് സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്നതെന്നും പി.കെ. ബഷീറിന് നിയമസഭയിൽ മന്ത്രി രേഖാമൂലം മറുപടി നൽകി.

നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, പച്ചക്കറികൃഷി മേഖലയിലെ കാര്യക്ഷമമായ ഇടപെടലിൻറെ ഭാഗമായി പച്ചക്കറി വിസ്തൃതിയും, ഉല്പാദനവും ഗണ്യമായി വർധിപ്പിക്കുവാൻ സാധിച്ചു. 2021-22 സാമ്പത്തിക വർഷത്തിൽ പച്ചക്കറി കൃഷിയുടെ വിസ്തൃതി 1.08 ലക്ഷം ഹെക്ടർ ആയി വർധിപ്പിച്ചു. ഉല്പാദനം 16.01 ലക്ഷം മെട്രിക് ടണ്ണായി ഉയർത്തുന്നതിനും സാധിച്ചു. 2022-23 വർഷത്തിൽ 1.14 ലക്ഷം ഹെക്ടർ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുകയും 17.10 ലക്ഷം മെട്രിക് ടൺ പച്ചക്കറി ഉല്പാദിപ്പിക്കുകയും ചെയ്തു.

2023-24 സാമ്പത്തിക വർഷത്തിൽ 1.15 ലക്ഷം ഹെക്ടർ സ്ഥലത്ത് പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനും അതിലൂടെ 17.21 ലക്ഷം മെട്രിക് ടൺ പച്ചക്കറികൾ ഉല്പാദിപ്പിക്കുവാനും കഴിഞ്ഞു. 2024-25 സാമ്പത്തിക വർഷത്തിൽ പച്ചക്കറി വിസ്തൃതിയും ഉൽപ്പാദനവും വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് നടപ്പിലാക്കി വരുന്ന പദ്ധതി പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.

വ്യാവസായിക അടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ചെയ്യുന്ന കർഷകരെ സഹായിക്കുന്നതിനായി, 10 കർഷകർ അടങ്ങുന്ന ഒരു ക്ലസ്റ്റർ രൂപീകരിച്ച് മൂന്ന് മുതൽ അഞ്ച് വരെ ഹെക്ടറിൽ പച്ചക്കറി കൃഷി ചെയ്യുന്ന ക്ലസ്റ്റർ ഒന്നിന് പരമാവധി 1-1.25 ലക്ഷം രൂപ വരെ ‘ധനസഹായം നൽകുന്നു. ക്ലസ്റ്ററുകളിൽ ഉൾപ്പെടാതെ കൃഷി ചെയ്യുന്ന കൃഷിക്കാർക്ക് സ്റ്റാഗേർഡ് ക്ലസ്റ്ററിൽ ഉൾപ്പെടുത്തി ഹെക്ടറൊന്നിന് പന്തൽ ആവശ്യമുള്ളതിന് 25,000 രൂപയും, പന്തൽ ആവശ്യമില്ലാത്തതിന് 20,000 രൂപ വരെ ധനസഹായം നൽകുന്നു.

ശീതകാല പച്ചക്കറി ഇനങ്ങൾ കൃഷി ചെയ്യുന്നതിനായി ചെയ്യുന്നതിനായി ഹെക്ടറൊന്നിന് 30,000 രൂപ ധനസഹായം നൽകുന്നു. പരമ്പരാഗത പച്ചക്കറി ഇനങ്ങളുടെ പ്രോത്സാഹനത്തിനായി ഹെക്ടറൊന്നിന് 10,000 രൂപ ധനസഹായം നൽകുന്നതിന് വിഭാവനം ചെയ്തിട്ടുണ്ട്. പച്ചക്കറിയുല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുവാൻ ലക്ഷ്യമിട്ട് നൂതന പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും മന്ത്രി അറിയിച്ചു.�

Related Post