മത്തൻ കുത്തിയാൽ… മത്തൻ തന്നെ മുളക്കും; പക്ഷേ, നല്ല വിളവ് കിട്ടാൻ എന്തു ചെയ്യണം…

മത്തന്‍ കൃഷി വളരെ എളുപ്പവും കാര്യമായ പരിചരണം ആവശ്യമില്ലാത്തതുമാണ്. പൂര്‍ണ്ണമായും ജൈവ രീതിയില്‍ മത്തന്‍ കൃഷി ചെയ്യാം. കരോട്ടിന്‍ എന്ന ജീവകം ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറിവിളയാണ് മത്തന്‍. വേനല്‍ക്കാലത്ത് ഇവ നന്നായി കൃഷിചെയ്തുവരുന്നു. ജനുവരി-ഫെബ്രുവരി മാസങ്ങളിലും, സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലുമാണ് മത്തന്‍ കേരളത്തില്‍ കൃഷിചെയ്യുന്നത്.
വിത്തുകളാണ് കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്നത്. വിത്തുകള്‍ പാകി തൈകള്‍ മുളപ്പിച്ചു പറിച്ചു നടാം. നടുമ്പോള്‍ നല്ല രീതിയില്‍ അടിവളം കൊടുക്കാം, അതിനായി ഉണങ്ങിയ ചാണകം, ആട്ടിന്‍ കാഷ്ട്ടം, കോഴി വളം, എല്ലുപൊടി, ഉണങ്ങി പൊടിച്ച കരിയില, വേപ്പിന്‍ പിണ്ണാക്ക് ഇവ ഉപയോഗിക്കം.�

�
ഇനങ്ങള്‍
അമ്പിളി : ഉരുണ്ട് പരന്ന കായ്കള്‍ക്ക് 4-6 കിലോഗ്രാം വരെ തൂക്കം വരും. അത്യുല്‍പാദനശേഷിയുള്ള ഇനമാണിത്. ഇളംപ്രായത്തില്‍ പച്ചനിറവും മൂക്കുമ്പോള്‍ മഞ്ഞകലര്‍ന്ന ഓറഞ്ച് നിറവും അമ്പിളിയുടെ പ്രത്യേകതയാണ്. അടുക്കളത്തോട്ടത്തിലേക്ക് അനുയോജ്യമാണ്.
സുവര്‍ണ്ണ : കാമ്പിന് നല്ല ഓറഞ്ച് നിറമുള്ള ഇനമാണ് സുവര്‍ണ്ണ. ഈയിനത്തില്‍ കരോട്ടിന്‍റെ അളവ് കൂടുതലായുണ്ട്. പരന്ന് ഉരുണ്ട കായ്കള്‍ക്ക് തൂക്കം 3-4 കിലോഗ്രാം വരെ തൂക്കമുണ്ടാകും. അത്യുല്‍പാദനശേഷിയാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത.
സരസ്സ് : നീണ്ട് ഉരുണ്ട മദ്ദളംപോലുള്ള കായ്കള്‍ ഈയിനത്തിന്‍റെ സവിശേഷതയാണ്. 45 മുതല്‍ 50 ദിവസത്തിനുള്ളില്‍ പൂവിടുന്ന ഇവയുടെ കായ്കള്‍ക്ക് 3 കിലോഗ്രാമില്‍ താഴെ തൂക്കമേ വരൂ. അടുക്കളത്തോട്ടത്തിലേക്ക് അനുയോജ്യം.
സൂരജ് : ഉരുണ്ട കായ്കള്‍, അത്യുല്‍പാദനശേഷി, 120 ദിവസം ഉല്‍പാദനകാലം, ഓറഞ്ച് നിറമുള്ള കാമ്പ് എന്നിവ ഇതിന്‍റെ മെച്ചങ്ങളാണ്. ഇവയ്ക്കുപുറമേ ഒരു കിലോയ്ക്ക് താഴെ മാത്രം തൂക്കം വരുന്ന അര്‍ക്ക സൂര്യമുഖി (ബാംഗ്ലൂര്‍ മത്തന്‍)യും മത്തന്‍ ഇനങ്ങളില്‍ പ്രമുഖ സ്ഥാനത്തുണ്ട്.

�
കൃഷിരീതി
കുമ്പളത്തെപ്പോലെതന്നെയാണ് മത്തന്‍റെ കൃഷിരീതികളും. വിത്തുകള്‍ നടുന്നതിന് മുന്‍പ് 6 മണിക്കൂര്‍ വെള്ളത്തില്‍ മുക്കി വെക്കുന്നത് നല്ലതാണ്. പൊതുവേ കീട-രോഗങ്ങള്‍ കുറവാണെന്നു പറയാം. മഞ്ഞളിപ്പ് രോഗത്തെ ഒഴിവാക്കുന്നതിന് സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ വിത്തിടുകയാണ് നല്ലത്. ഒരു സെന്‍റില്‍ കൃഷിചെയ്യുന്നതിന് 6 ഗ്രാം വിത്ത് ആവശ്യമാണ്. ചെടികള്‍ക്കിടയില്‍ 4.5 മീറ്ററും വരികള്‍ക്കിടയില്‍ 2 മീറ്ററും ഇടയകലം നല്‍കണം. 3 സെ.മീ. ആഴത്തില്‍ വിത്ത് നടാവുന്നതാണ്.
മത്തന്‍ വള്ളി വീശി തുടങ്ങുമ്പോള്‍ കപ്പലണ്ടി പിണ്ണാക്ക് (കടല പിണ്ണാക്ക്) കൊടുക്കുന്നത് നല്ലതാണ്. ഇതിനായി കുറച്ചു കടല പിണ്ണാക്ക് വെള്ളത്തില്‍ ഇട്ടു 2-3 ദിവസം വെച്ച ശേഷം നേര്‍പ്പിച്ചു ഒഴിച്ച് കൊടുക്കാം. കടല പിണ്ണാക്ക് നേരിട്ട് മണ്ണില്‍ ഇട്ടാല്‍ ഉറുമ്പ് കൊണ്ടുപോകും, അതൊഴിവാക്കാനാണ് അത് പുളിപ്പിച്ച് കൊടുക്കുന്നത്. ഇടയ്ക്കിടെ നാമ്പ് നുള്ളിവിടുന്നത് കൂടുതല്‍ തണ്ടുകള്‍ ഉണ്ടാകാന്‍ സഹായിക്കും.

�
മത്തൻ പൂവിടുമ്പോൾ തന്നെ ആൺപൂവും പെൺപൂവും തിരിച്ചറിയാം. പെൺപൂവാണെങ്കിൽ, പൂവിന് താഴെ മത്തങ്ങയുടെ ചെറിയ രൂപമുണ്ടാകും. കുറെ കഴിയുമ്പോൾ പെൺപൂവ് കൊഴിഞ്ഞുപോകുകയും മത്തങ്ങ വലുതായി പാകമാകുകയും ചെയ്യും. മത്തന്‍റെ പ്രധാന അക്രമി കായീച്ച ആണ്, പരാഗണം നടത്തി കായകള്‍ പൊതിഞ്ഞു സൂക്ഷിച്ചാല്‍ നമുക്ക് അവയുടെ ആക്രമണം തടയാം. ഉണങ്ങിയ കരിയില കൊണ്ട് മൂടി മത്തന്‍ കായകള്‍ സംരക്ഷിക്കാം.
വിളവെടുപ്പ്
മത്തന്‍ നട്ട് 50 ദിവസമാകുമ്പോഴേക്കും പൂവിട്ടു തുടങ്ങും. 25 ദിവസംകൂടി കഴിഞ്ഞാല്‍ വിളവെടുക്കാം.