വീട്ടിൽ വളർത്താം ബ്രോക്കോളി

കണ്ടാൽ കോളിഫ്ലവറിനോട് സാദൃശ്യം തോന്നുന്ന സസ്യവിളയാണ് ബ്രോക്കോളി. അടുത്തിടെയാണ് മലയാളികളുടെ ഭക്ഷണങ്ങളിൽ ബ്രോക്കോളി വ്യാപകമായി ഇടംപിടിച്ചു തുടങ്ങിയത്. ഇടതൂർന്ന ഇലകളുള്ള ഒരു കുഞ്ഞൻ മരമെന്ന് ഒറ്റനോട്ടത്തിൽ ബ്രോക്കോളി കണ്ടാൽ തോന്നും.മുകൾ ഭാഗത്ത് പൂവുപോലുള്ള ഭാഗം ആഹാരത്തിനായി ഉപയോഗിക്കാം. കടുംപച്ച നിറത്തിലായിരിക്കും ഈ ഭാഗം. കേരളത്തിൽ സാധാരണയായി ഉപയോഗിച്ചുവരുന്നതും കടും പച്ച നിറത്തിലുള്ള ഈ ബ്രോക്കോളിയാണ്.
നാരുകളുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയാണ് ബ്രോക്കോളി. നിരവധി പ്രോട്ടീനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ പലരും ഡയറ്റിൽ ഉൾപ്പെടുത്തുന്ന പച്ചക്കറിയാണിത്. പൂത്തലകള് വേവിച്ചോ, വേവിക്കാതെയോ ഭക്ഷണത്തിൽ ഉപയോഗിക്കാം.വിത്തുകൾ പാകി മുളപ്പിച്ചാണ് ബ്രോക്കോളി കൃഷിചെയ്യുക. മണ്ണ്, മണൽ, ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തിൽ നടീൽ മിശ്രിതം തയാറാക്കാം. ശേഷം വിത്തുകൾ പാകണം. വിത്തുമുളച്ച് 30 ദിവസം കഴിയുമ്പോൾ മണ്ണിലേക്കോ ഗ്രോബാഗിലേക്കോ തൈകൾ പറിച്ചുനടാം.
നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് തൈകൾ നടാൻ ശ്രദ്ധിക്കുക. കമ്പോസ്റ്റ്, ജൈവ സ്ലറി, ഗോമൂത്രം, ഫിഷ് അമിനോ ആസിഡ്, ജീവാമൃതം തുടങ്ങിയവ മാറി മാറി വളമായി നൽകാം. വേപ്പെണ്ണ മിശ്രിതം തളിച്ച് കീടങ്ങളെയും അകറ്റിനിർത്താം. പഴുത്തതും ഉണങ്ങിയതുമായ ഇലകൾ ചെടിയിൽനിന്ന് പിഴുതുമാറ്റണം. കൃത്യമായ ജലസേചനം ബ്രോക്കോളി ചെടികൾക്ക് ഉറപ്പുവരുത്തണം. ബ്രോക്കോളി വിളവെടുക്കുന്ന സമയത്ത് 25 സെ.മീ തണ്ടും കൂടി ചേർത്തുവേണം മുറിച്ചെടുക്കാൻ.