കുരുമുളക് നടാൻ സമയമായി

Peppar

മലയാളികളുടെ ഭക്ഷണത്തിലും ഔഷധങ്ങളിലും ഒഴിച്ചുകൂടാനാകാത്ത സുഗന്ധവ്യഞ്ജനമാണ് കുരുമുളക്. കറുത്തപൊന്ന്, സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നീ പേരുകളിലും കുരുമുളക് അറിയ​പ്പെടുന്നു. കേരളത്തിലെ പ്രധാന നാണ്യവിളകളിലൊന്നാണ് കുരുമുളക്. വള്ളിച്ചെടിപോലെ പടർന്നുകയറുന്നതും കുറ്റിക്കുരുമുളകും കേരളത്തിൽ നട്ടുവളർത്തിവരുന്നുണ്ട്. പടർന്നുകയറുന്ന ഇനങ്ങളാണ് ഇതിൽ പ്രധാനം.

വീട്ടാവശ്യത്തിനായി മരത്തിന്റെ ചുവട്ടിൽ കുരുമുളക് നട്ടുപരിപാലിക്കുന്നവരാണ് അധികവും. കൂടാതെ ചട്ടികളിലും ഇപ്പോൾ നട്ടു​വളർത്തുന്നുണ്ട്. ഫെബ്രുവരി -മാർച്ച് മാസങ്ങളിലാണ് കുരുമുളകിന്റെ നടീൽ കാലം. കുരുമുളക് വള്ളിയുടെ ചുവട്ടിൽനിന്ന് വശങ്ങളിലേക്ക് വളർന്നുപോകുന്ന തണ്ടുകൾ നടാനായി തെരഞ്ഞെടുക്കണം.

തണ്ടുകള്‍ മുറിച്ച് കീഴ്ഭാഗവും മേല്‍ഭാഗവും മുറിച്ചുനീക്കണം. അതിനുശേഷം രണ്ടോ മൂന്നോ മുട്ടുകളോടെ ചെറിയ കഷണങ്ങളായി മുറിച്ച് മണ്ണ് നിറച്ച പോളിത്തീന്‍ കവറുകളില്‍ നടാം. ഇവ തണലത്ത് സൂക്ഷിക്കണം. കൂടാതെ നനക്കുകയും വേണം. വള്ളികൾ​ വേരുപിടിച്ചു കഴിഞ്ഞ് കാലവർഷം ആരംഭിക്കുമ്പോൾതന്നെ മാറ്റിനടാം. പന്നിയൂര്‍ 1, പന്നിയൂര്‍ 3, ഉതിരന്‍കൊട്ട, ചെറിയ കനിയക്കാടന്‍, വിജയ്, ഗിരിമുണ്ട, മലബാർ എക്സൽ തുടങ്ങിയവയാണ് കേരളത്തിൽ കൃഷി ചെയ്തുവരുന്ന ഇനങ്ങൾ.�

Related Post