‘ദേ… കൃഷി’; 23ാം വയസ്സിൽ കൃഷിയിലേക്കിറങ്ങി ലക്ഷങ്ങൾ വരുമാനമുണ്ടാക്കുന്ന ഷിബിലിയുടെ കഥ

ഷിബിലി കൃഷിത്തോട്ടത്തിൽ
- ഇത് ഷിബിലി, വയസ്സ് 23. ബി.എസ് സി ഫിസിക്സിൽ ബിരുദമെടുത്ത് ജോലിചെയ്യുന്നതിനിടെ കൃഷിയോടുള്ള ഇഷ്ടംകൊണ്ട് ജോലി രാജിവെച്ച് പിതാവിനു പിറകെ കൃഷിയിലേക്ക് ഇറങ്ങി. ഇന്ന് കൃഷിയിൽനിന്നുമാത്രം ലക്ഷങ്ങൾ വരുമാനം. ഒപ്പം കൃഷിപാഠങ്ങൾ പങ്കുവെക്കുന്ന സോഷ്യൽ മീഡിയയിൽ വൈറലായ ‘ദേ കൃഷി’ എന്ന പേജും. കൃഷിയും സോഷ്യൽ മീഡിയയും ഒരുമിപ്പിച്ച യുവാവിന്റെ കഥ…�
പ്രായപൂർത്തിയായ ഒരാൾ ദിവസം എത്ര ഗ്രാം പച്ചക്കറി കഴിക്കണം, എത്ര ഗ്രാം പഴവർഗങ്ങൾ കഴിക്കണം, പച്ചക്കറിയിൽ എത്ര ഗ്രാം ഇലക്കറി വേണം എന്നൊക്കെ അന്വേഷിച്ച് തുടങ്ങിയാൽ ഉത്തരം എളുപ്പം കിട്ടും. 350 ഗ്രാം പച്ചക്കറിയും 150 ഗ്രാം പഴവർഗങ്ങളും കഴിക്കണമെന്നാണ് കണക്ക്. ഇതിൽ 150 ഗ്രാം ഇലക്കറിയാകുകയും വേണം. എന്നാൽ, ഇതെല്ലാം വിഷരഹിതമായി എങ്ങനെ കിട്ടുമെന്നാണ് ചോദ്യമെങ്കിൽ കൂടുതൽ പേരും എത്തിപ്പെടുക അടുക്കളത്തോട്ടം എന്ന ഉത്തരത്തിലേക്കാവും. ഏതൊരാൾക്കും എളുപ്പത്തിൽ തന്റെ കൊച്ചുസ്ഥലത്തുപോലും കൃഷിയൊരുക്കാം എന്നതിനാൽ അടുക്കളത്തോട്ടത്തിന് ഏറെയാണ് പ്രാധാന്യം. അത് തിരിച്ചറിഞ്ഞ് കേരളത്തിലെ ജനങ്ങളെ സോഷ്യൽ മീഡിയയിലും അല്ലാതെയും കൃഷി എന്ന കുടക്കീഴിൽ ഒന്നിപ്പിച്ച ഒരു ചെറുപ്പക്കാരനുണ്ട് മലപ്പുറം ജില്ലയിൽ. കൊണ്ടോട്ടിക്കടുത്ത് കൊട്ടുക്കരയിലെ തന്റെ കൃഷിയിടത്തിലൂടെ പൂക്കുന്നത്ത് ഷിബിലി തസ്നീം എന്ന ചെറുപ്പക്കാരൻ ലോകമെങ്ങുമുള്ള മലയാളികൾക്ക് പകർന്നുനൽകുന്ന കൃഷിപാഠം വളരെ വലുതും വിലപ്പെട്ടതുമാണ്.
വാഴപ്പഴത്തിന്റെ തൊലി മുതൽ അടുക്കളയിലെ ചാരം വരെ എന്തും കൃഷിക്കായി ഉപയോഗപ്പെടുത്തുന്നതിൽ തന്റേതായ വഴി തുറന്നിട്ട ഷിബിലി അതുകൊണ്ട് തന്നെ കൃഷിയിലും സോഷ്യൽ മീഡിയയിലും പടർന്നുപന്തലിച്ചത് വളരെ വേഗത്തിലാണ്. നാലു വർഷംകൊണ്ട് തന്നെ ആയിരത്തിലധികം വിഡിയോ പുറത്തിറക്കിയതിൽനിന്ന് തന്നെ അറിയാം ഷിബിലിയുടെ കൃഷിയോടും മണ്ണിനോടുമുള്ള അടങ്ങാത്ത അഭിനിവേശം.
കൃഷിയിലേക്ക്
ബി.എസ് സി ഫിസിക്സിൽ ബിരുദം എടുത്ത ഷിബിലി സ്വകാര്യ അഗ്രികൾചറൽ കമ്പനിയിലെ തന്റെ ജോലി രാജിവെച്ചാണ് പിതാവ് ഷംസുദ്ദീന് പിറകെ കൃഷിയിലേക്ക് ഇറങ്ങിയത്. വർഷം 10 മുതൽ 12 ലക്ഷം രൂപ വരെ വരുമാനം ഉണ്ടാക്കുന്ന നിലയിലേക്ക് കൃഷിയെ വളർത്തിയെടുക്കാൻ ഈ 23 വയസ്സിനിടയിൽ കഴിഞ്ഞു. കൃഷി വിഡിയോ ആയി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക. അപ്പോൾ കൃഷിയിൽനിന്നും സോഷ്യൽ മീഡിയയിൽനിന്നും ലാഭം കൊയ്യാം -ഷിബിലി പറയുന്നു.
�

ലക്ഷക്കണക്കിന് ആളുകൾ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന ‘ദേ കൃഷി’, കിച്ചൻ മിസ്റ്ററി എന്നീ ചാനലുകളുടെയും സോഷ്യൽ മീഡിയ പേജുകളുടെയും വിജയത്തിന് പിന്നിൽ ഷിബിലിയുടെ കഠിനപ്രയത്നം കാണാം. മണ്ണൊരുക്കേണ്ടത്, വിത്ത് തിരഞ്ഞെടുക്കൽ, വിത്ത് മുളപ്പിക്കൽ, തൈ പറിച്ചുനടീൽ, വളം നൽകൽ, വിളവെടുപ്പ് തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട എന്തു സംശയങ്ങൾക്കും ഷിബിലിയെ പിന്തുടർന്നാൽ മതിയാകും. കൃഷിഭവന് കീഴിൽ കാർഷിക ക്ലാസുകൾ എടുക്കാൻപോലും ആളുകൾ ഈ ചെറുപ്പക്കാരനെ തേടിയെത്തുന്നുണ്ട്. എല്ലാ വർഷവും കർഷകരെയും ഫോളോവേഴ്സിനെയും ഉൾപ്പെടുത്തി കർഷക സംഗമവും നടത്തിവരുന്നു.
സക്സസ് മന്ത്ര
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള രണ്ട് കൃഷിഭവൻ വഴിയും സ്വകാര്യ നഴ്സറികളിലായും വർഷം അഞ്ച് മുതൽ ആറ് ലക്ഷം വരെ പച്ചക്കറി തൈകളാണ് ഉൽപാദിപ്പിച്ച് വിറ്റഴിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പുതിയ ഇനത്തിലുള്ളതും ഗുണമേന്മയുള്ളതുമായ വിത്തുകൾ എത്തിച്ച് അത് തന്റെ കൊട്ടുക്കരയിലെ ‘കിസാൻ മിത്ര’ കടകളിലൂടെയും സോഷ്യൽ മീഡിയ വഴിയും (മുഖ്യമായും വാട്സ് ആപ്) വിറ്റാണ് വരുമാനം കണ്ടെത്തുന്നത്. ഇതിനായി നിരവധി വാട്സ്ആപ് ചാനലുകൾ തുടങ്ങിയിട്ടുണ്ട്. ഇതുവഴി കാർഷിക ക്ലാസുകളും നടത്തുന്നു. തെങ്ങ്, കവുങ്ങ്, കുരുമുളക്, പപ്പായ തുടങ്ങിയവ പരതക്കാട്ടെ രണ്ടര ഏക്കറിൽ കൃഷി ചെയ്യുന്നുണ്ട്. മറ്റ് കൃഷികളെല്ലാം തന്നെ വീടിനോട് ചേർന്നാണ്. വിദേശത്തേക്ക് കയറ്റി അയക്കുന്നതിനായി റെഡ് ലേഡി പപ്പായയും കൃഷി ചെയ്യുന്നു.
13ാം വയസ്സിൽ ഉപ്പക്കും ഉപ്പൂപ്പക്കുമൊപ്പം മണ്ണിലേക്ക് ഇറങ്ങിയതാണ് ഈ മിടുക്കൻ. പഠനത്തോടൊപ്പം കൃഷിയും മുന്നോട്ടുകൊണ്ടുപോയ ഷിബിലിയെ തേടി 2017ൽ കൊണ്ടോട്ടി ബ്ലോക്കിലെ മികച്ച വിദ്യാർഥി കർഷകൻ, 2020ൽ ജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാർഥി കർഷകൻ എന്നീ പുരസ്കാരങ്ങൾ തേടിയെത്തി. പിന്നീട് അതൊരു ശീലമായി. വിവിധ സംഘടനകളുടെയും മറ്റുമായി 60ഓളം അംഗീകാരങ്ങളാണ് പൂക്കുന്നത്തെ വീട്ടിൽ ഇരിക്കുന്നത്. മറ്റ് പലരെയുംപോലെ കോവിഡാണ് ഷിബിലിയുടെയും ജീവിതം വഴിതിരിച്ചുവിട്ടത്. കോവിഡ് കാലത്ത് 2020ൽ ആരംഭിച്ച യൂട്യൂബ് ആണ് കൃഷിക്കും ജീവിതത്തിനും പുതുഊർജം പകർന്നത്. വിപണി കണ്ടെത്താനും വിഡിയോ വഴി പണം ലഭിക്കാനും ഇടയാക്കിയത് കോവിഡ് കാലത്തെ പ്രയത്നമാണ്. ഇപ്പോൾ പ്രധാനവരുമാനമാർഗങ്ങളിലൊന്ന് 2022ൽ ആരംഭിച്ച ഫേസ്ബുക്ക് പേജ് ആണ്. വിഡിയോകളും ലേഖനങ്ങളും മിക്കവാറും ദിവസങ്ങളിൽ പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കാറുണ്ട്. മാസം 90-100 ലേഖനങ്ങൾ വരെയുണ്ടാകും. കൂടുതലും ലേഖനങ്ങൾ ആയതിനാൽ വരുമാനവും അതിനനുസരിച്ച് ലഭിക്കുന്നു.
കുറഞ്ഞ ചെലവ് കൂടുതൽ മൂല്യം
കുപ്പി കമ്പോസ്റ്റ് അടക്കം കൃഷിയിൽ വളരെ കുറഞ്ഞ ചെലവിൽ വളമൊരുക്കൽ, നൂതന കൃഷിമാർഗങ്ങൾ, പുതിയ ഇനം വിത്തുകളും പ്രതിരോധ മാർഗങ്ങളും, കീടങ്ങളെ അകറ്റാൻ ചെലവുകുറഞ്ഞ മാർഗങ്ങൾ തുടങ്ങി ഏതൊരു വീട്ടമ്മക്കുപോലും തന്റെ അടുക്കള ഉപയോഗപ്പെടുത്തി ജൈവ കൃഷിയിലൂടെ വിഷരഹിത പച്ചക്കറി ഒരുക്കാനാകണം എന്നതാണ് ഷിബിലിയുടെ സ്വപ്നം. അതുകൊണ്ട് തന്നെ ദിവസവും നാം വെള്ളംകുടിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിൽ വരെ തന്റെ തോട്ടത്തിനായി ഉപയോഗപ്പെടുത്തുന്നു. കരിയിലയും പച്ചിലയും അടുക്കള മാലിന്യവും നിറച്ച് ചെടിയുടെ ചുവട്ടിൽ പ്ലാസ്റ്റിക് ബോട്ടിലിൽ ഒരുക്കുന്ന കുപ്പി കമ്പോസ്റ്റ് ചെലവുകുറഞ്ഞതും ഗുണപ്രദവുമാണ്.
കഞ്ഞിവെള്ളത്തിൽ എപ്സം സാൾട്ട് ചേർത്ത് മൂന്നുദിവസം മാറ്റിവെച്ച ശേഷം പിന്നീട് നാലിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുത്താൽ പെട്ടെന്ന് വളർന്ന് കായ്ക്കാൻ സഹായിക്കും. ഇത്തരത്തിൽ ഒന്നാണ് അടുക്കളയിൽനിന്ന് നാം പുറന്തള്ളുന്ന വിവിധ ഉള്ളികളുടെ തോൽ. ഉള്ളിത്തൊലി പാത്രത്തിലേക്ക് ഇട്ട് മൂടുന്നവിധം വെള്ളമൊഴിക്കുക. തുടർന്ന് അഞ്ച് ദിവസം എടുത്തുവെച്ചശേഷം ഇരട്ടിയായി നേർപ്പിച്ച് ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുക തുടങ്ങി ചെലവുകുറഞ്ഞ മാർഗങ്ങൾ നിരവധി നമുക്ക് ‘ദേ കൃഷി’, ‘കിച്ചൻ മിസ്റ്ററി’ ചാനലുകളിൽ കാണാനാകും.
മികച്ച വിളവിനായി മികച്ച മാർഗങ്ങൾ
അടുക്കളയിലെ ചാരം കൃഷിക്ക് ഉപയോഗിക്കാമെങ്കിലും പച്ചക്കറി വിളകൾക്ക് ചിലപ്പോൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യാം. ചപ്പിലകൾ കത്തിച്ച ചാരമാണ് ചെടികൾക്ക് നല്ലത്. പക്ഷേ അടുക്കളയിൽനിന്ന് കിട്ടുക അതാകില്ലല്ലോ കൂടുതലും. അതിനും മാർഗമുണ്ട് ഷിബിലിയുടെ പക്കൽ. ചാരത്തെ കമ്പോസ്റ്റാക്കി മാറ്റുക. അതിനായി ഒരു പ്ലാസ്റ്റിക് ചാക്കിൽ അൽപം മേൽമണ്ണ് നിറക്കുക, അതിന് മുകളിൽ കാൽഭാഗം വരെ വെണ്ണീർ നിറക്കുക, വീണ്ടും മേൽമണ്ണ് വിതറിയശേഷം ഒന്ന് ചെറുതായി നനക്കുക. ഇങ്ങനെ ചാക്ക് നിറയുന്നതുവരെ ചെയ്യുക. വായ്ഭാഗം കെട്ടി രണ്ട് മാസത്തോളം കമിഴ്ത്തിവെച്ചാൽ മികച്ച വെണ്ണീർ കമ്പോസ്റ്റ് നിർമിക്കാനാകും. ഇത് ചെടികൾക്ക് നേരിട്ട് നൽകാം.
മികച്ച വിളവിനായി ധാരാളം വളപ്രയോഗം നടത്തിയിട്ടും പൂക്കളും ഫലവും കിട്ടുന്നില്ലെങ്കിൽ ഷിബിലി പറയുന്ന ശാസ്ത്രീയമാർഗം കൃഷിയിടത്തിൽ പരീക്ഷിച്ചുനോക്കൂ. ഫലം കാണും തീർച്ച. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. ട്രൈക്കോഡെർമ, സ്യൂഡോമോണസ്, ബ്യൂവേറിയ എന്നിവയെ കുറിച്ച് കേട്ടിട്ടുണ്ടല്ലോ. അതുപോലൊന്നാണ് ബയോ പൊട്ടാഷ്. നട്ട പ്രദേശത്തുനിന്ന് ചെടിക്ക് വലിച്ചെടുക്കാൻ പറ്റുന്ന രീതിയിൽ ആയിരിക്കണമെന്നില്ല എല്ലാ മൂലകങ്ങളും പോഷകങ്ങളും. പൊട്ടാഷ് അടക്കമുള്ള അത്തരം മൂലകങ്ങൾ ചെടിക്ക് വലിച്ചെടുക്കാൻ കഴിയാതെ വരാറുണ്ട്. അത്തരം ഘട്ടത്തിൽ അവ വലിച്ചെടുക്കാൻ കഴിയുന്ന സൂക്ഷ്മാണുക്കളെ നിർമിക്കുന്ന കലവറയാണ് ബയോ പൊട്ടാഷ്. പ്രയോഗ രീതി: ഒന്നര ടേബിൾ സ്പൂൺ ബയോ പൊട്ടാഷ് മിശ്രിതം ഒരു ജാറിൽ എടുക്കുക. അതിലേക്ക് ക്ലോറിൻ കലരാത്ത ഒരു ലിറ്റർ വെള്ളം എടുത്ത് നന്നായി ലയിപ്പിച്ചെടുക്കുക. ഇത് ചെടികൾക്ക് ചുവട്ടിൽ ഒഴിച്ചുനൽകാം. ഇലകളിൽ സ്പ്രേ ചെയ്യാമെങ്കിലും മികച്ച റിസൽട്ട് മണ്ണിൽ നേരിട്ട് നൽകുന്നതാണ്. മറ്റു വളങ്ങളിൽ ചേർത്തും നൽകാം. പൂച്ചെടികളിലും ഫലവൃക്ഷങ്ങളിലും പച്ചക്കറികളിലും ഇത് ഒരുപോലെ ഉപയോഗിക്കാം.
സൗജന്യ അറിവുകളും വിത്തുകളും
എല്ലാ ഞായറാഴ്ചകളിലും ആഴ്ചയിലെ ഇടദിവസങ്ങളിലും കൃഷി സംബന്ധമായ അറിവുകൾ പങ്കുവെക്കാൻ സോഷ്യൽ മീഡിയ വഴി ക്ലാസും നടത്തുന്നുണ്ട് ഈ കൃഷിസ്നേഹി. തുടക്കത്തിൽ എല്ലാവർക്കും സൗജന്യമായി വിത്ത് നൽകിവന്നിരുന്നു. ഇപ്പോഴും നൽകാറുണ്ട്. കവർ തപാലിൽ അയച്ചുകൊടുത്താൽ എല്ലാവർക്കും വിത്ത് സൗജന്യമായി അയച്ചുകൊടുക്കലായിരുന്നു മുമ്പത്തെ രീതി. എന്നാൽ, ഇത് പിന്നീട് വ്യാപകമായ തോതിൽ ദുരുപയോഗം ചെയ്യുന്നു എന്നറിഞ്ഞതിനാൽ ക്ലാസുകളിൽ പങ്കെടുക്കുന്നവർക്കായി വിത്ത് വിതരണം. അല്ലാതെയും സൗജന്യമായി നൽകാറുണ്ട്. പുതിയ പുതിയ വിഷയങ്ങൾ കണ്ടെത്തി അതിനെ കുറിച്ച് പഠിച്ച് മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനാൽ തന്നെ സൗജന്യമായി വിത്ത് തരപ്പെടുത്താം എന്നതിൽനിന്ന് മാറി ആളുകൾ ഈ ക്ലാസിനെ കാണാൻ തുടങ്ങി എന്നതാണ് സത്യം.
നൂറുകണക്കിന് ആളുകളാണ് വിത്ത് എന്നതിലുപരി ക്ലാസ് കേൾക്കാനായി എത്തുന്നത്. അതുകൊണ്ട് ആ ഊർജം നൽകിയ ആവേശത്തിൽ പലപ്പോഴും ക്ലാസുകൾ ആഴ്ചയിൽ രണ്ട് എന്ന തോതിൽവരെ എത്തിനിൽക്കുന്നു. വാട്സ്ആപ് കൂട്ടായ്മയിലൂടെയാണ് കൂടുതലായും കൃഷി അറിവുകൾ പകരലും വിത്ത് വിതരണവും പച്ചക്കറി തൈ-വളം വിതരണവും നടക്കുന്നത്. സൗജന്യ ക്ലാസിനും വിത്ത് വാങ്ങലിനുമായി ആളുകൾ കൂടിയതോടെ വാട്സ്ആപ് ഗ്രൂപ്പുകളുടെ എണ്ണവും കുതിച്ചു. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ പേജുകളിലൂടെ തന്റെ കൃഷി അറിവു പകരുന്ന ഷിബിലി ആളുകളുടെ സംശയങ്ങൾക്ക് മറുപടി നൽകാനും സമയം കണ്ടെത്തുന്നു. ഇനി കൊട്ടുക്കരയിലെ വീട്ടിൽ എത്തിയാലും തന്റെ വിജയമന്ത്രം പറഞ്ഞുതരാൻ ഈ ചെറുപ്പക്കാരൻ റെഡിയാണ്.
.