ഭാരതപ്പുഴയോരം മൂന്നാഴ്ചക്കിടെ കത്തിയത് അഞ്ച് തവണ, ദേശാടനപ്പക്ഷികളുടെ വരവിനെ ബാധിക്കും

ഭാരതപ്പുഴയോരം മൂന്നാഴ്ചക്കിടെ കത്തിയത് അഞ്ച് തവണ, ദേശാടനപ്പക്ഷികളുടെ വരവിനെ ബാധിക്കും

ഭാരതപ്പുഴയിലെ ഒറ്റപ്പാലം മായന്നൂര്‍ പാലം പരിസരത്ത് മൂന്നാഴ്ചക്കിടെ തീപിടിച്ചത് അഞ്ച് തവണയാണ്. ഭാരതപ്പുഴയുടെ ഇരുഭാഗങ്ങളിലായി ഏഴ് ഏക്കറോളം പുല്‍ക്കാടുകള്‍ക്കാണ് തീപിടിച്ചത്.

സംഭവം തുടര്‍ക്കഥയായിട്ടും തീയിടുന്നതിന് കാരണക്കാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഇതു വരെ കഴിഞ്ഞിട്ടില്ല. തുടര്‍ച്ചയായി തീപിടിത്തമുണ്ടാകുന്നതോടെ ദേശാടനപ്പക്ഷികളുള്‍പ്പെടെ പലതരം പക്ഷികളുടെ സാന്നിധ്യമുണ്ടായിരുന്ന ഈ പ്രദേശത്ത് ഇനി ഇത്തരം പക്ഷികൾ എത്താൻ സാധ്യത കുറയുമെന്നാണ് പക്ഷിനിരീക്ഷകര്‍ പറയുന്നത്.

പുഴയോരത്ത് ആദ്യം തീപ്പിടിത്തമുണ്ടായത് ജനുവരി 16-നാണ്. വാര്‍ത്തകളെത്തുടര്‍ന്ന് വനംവകുപ്പ് ഇവിടെ പരിശോധന നടത്തിയിട്ടുണ്ടായിരുന്നു. പുഴയിലേക്കെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ തീയിടുന്നതായി കണ്ടെത്തി. ഇത് നിയന്ത്രിക്കാന്‍ പോലീസുമായും നഗരസഭയുമായും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് വനംവകുപ്പ് അന്ന് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒന്നും നടപ്പിലായില്ല.

പിന്നീട് നാലുതവണ പുഴയോരം കത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പാലത്തിന് തൊട്ടുതാഴെ മൂന്നേക്കറിലാണ് തീ പടർന്നു പിടിച്ചത്. പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ നടപടികളെടുക്കുമെന്നും പരിശോധിക്കുമെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

മുമ്പുണ്ടായിരുന്ന തീരുമാനങ്ങള്‍

അഞ്ച് വര്‍ഷം മുമ്പ് പ്രദേശത്ത് തീപ്പിടത്തമുണ്ടായതിനെത്തുടര്‍ന്ന് ഹരിത ട്രിബ്യൂണല്‍ ഇടപെട്ടിട്ടുണ്ടായിരുന്നു. തുടര്‍ന്ന് ജില്ലാഭരണകൂടം നടപ്പാക്കാനുദ്ദേശിച്ചിരുന്ന തീരുമാനങ്ങള്‍ ഇവയാണ്.

പുഴയിലേക്കുള്ള വഴികള്‍ അടയ്ക്കല്‍, പോലീസിന്റെയും വനംവകുപ്പിന്റെയും പട്രോളിങ് ആവശ്യമെങ്കില്‍ വാച്ചര്‍മാര്‍, ജൈവവേലി സ്ഥാപിക്കല്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെക്കല്‍, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ കീഴിലുള്ള കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ (കെ.എഫ്.ആര്‍.ഐ.) ഉപയോഗിച്ച് പഠനം നടത്തുക. ഇതില്‍ ഭൂരിഭാഗവും നടപ്പിലാക്കാൻ കഴിഞ്ഞില്ല.

പക്ഷികളെത്തുന്നത് കുറയും

”ഓഗസ്റ്റ് മുതല്‍ ഫെബ്രുവരിവരെയാണ് പക്ഷികള്‍ സാധാരണ ഇവിടെ എത്താറുള്ളത്. വെള്ളത്തിന്റെയും കൂട് കൂട്ടാനുള്ള സാധനങ്ങളുടെയും ചെറിയ ജീവികളുടെയും സാന്നിധ്യമാണ് ഇവിടേക്ക് പക്ഷികളെ ആകർഷിക്കുന്ന ഘടകം. തീയിടുന്നതോടെ അടിക്കാടുകളില്ലാതാകും, ഇത് ആവാസവ്യവസ്ഥ നശിപ്പിക്കുകയും ചെയ്യും. വലിയ തോതില്‍ വീണ്ടും തീപ്പിടിത്തം നടന്നതോടെ ഈ സീസണില്‍ ഇനി മായന്നൂര്‍ പാലം പരിസരത്ത് ദേശാടനപ്പക്ഷികളെത്തുന്നത് കുറയുമെന്ന് .” – കെ. സുസ്മിത് കൃഷ്ണന്‍, പക്ഷിനിരീക്ഷകന്‍, അധ്യാപകന്‍ പറഞ്ഞു.

പരിശോധിക്കും

”പുഴയോരത്ത് സ്ഥിരമായി തീയിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം എങ്ങനെ പ്രതിരോധിക്കണമെന്ന് പരിശോധിക്കുമെന്നും . കെ. ജാനകീദേവി, ഒറ്റപ്പാലം നഗരസഭാധ്യക്ഷ പറഞ്ഞു.

Metbeat news

The post ഭാരതപ്പുഴയോരം മൂന്നാഴ്ചക്കിടെ കത്തിയത് അഞ്ച് തവണ, ദേശാടനപ്പക്ഷികളുടെ വരവിനെ ബാധിക്കും appeared first on Metbeat News.

Related Post