വേനൽച്ചൂടിൽ പൊള്ളി പൈനാപ്പിൾകൃഷിയും വിപണിയും

ചൂട് കൂടിയതിനാൽ പൈനാപ്പിൾ കൃഷിക്ക് മുകളിൽ പൊത ഇട്ടിരിക്കുന്നു
മൂവാറ്റുപുഴ: കടുത്ത വേനൽചൂട് കിഴക്കൻ മേഖലയിലെ പ്രധാന കൃഷിയായ പൈനാപ്പിളിന്റെ അടക്കം ഉൽപാദനത്തെ ബാധിച്ചു. പൈനാപ്പിളിനുപുറമെ ജാതി കൃഷിയെയും ഉണക്ക് ബാധിച്ചിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് വേനൽചൂട് നേരത്തേ എത്തിയതാണ് പൈനാപ്പിൾ ഉൽപാദനം പാതിയായി ചുരുങ്ങാൻ കാരണം. ഇത്തവണ പൈനാപ്പിൾചെടികൾ വേഗത്തിൽ ഉണങ്ങുകയാണ്. ഇത് ഉൽപാദനം കുറയാൻ കാരണമായി. ഡിസംബർ മുതൽ ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. സാധാരണ വേനൽമഴ ലഭിക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായിട്ടില്ല.
വിപണിയിലെ അനുകൂല സാഹചര്യം കണക്കാക്കി പൈനാപ്പിൾകൃഷി തുടങ്ങിയ പല കർഷകരുടെയും പൈനാപ്പിൾ 120 ദിവസം പിന്നിട്ടിട്ടും വളർച്ചയില്ലാത്ത അവസ്ഥയിലാണ്. വിപണിയിൽ പൈനാപ്പിളിന് ഡിമാൻഡ് ഉയരുന്ന സമയത്ത് ഉൽപാദനം കുറയുന്നതിന്റെ വേദനയിലാണ് കർഷകർ. പഴയ പൈനാപ്പിൾ തോട്ടങ്ങളിലെ ഉൽപാദനത്തെയാണ് വേനൽചൂട് കാര്യമായി ബാധിച്ചത്. എന്നാൽ, ചില പ്രദേശങ്ങളിൽ വേനൽചൂട് കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും ചൂട് തുടരുകയാണെങ്കിൽ ഇവിടെയും ഉൽപാദനത്തിൽ കുറവുണ്ടാകുമെന്ന് കർഷകർ പറയുന്നു.
ചൂട് കൂടി, ചെലവും
ചൂട് കഠിനമായതോടെ പൈനാപ്പിൾ കൃഷിയുടെ ഉണക്കിനെ നേരിടാൻ നെറ്റും ഓലയും മറ്റും ഉപയോഗിച്ച് പൊത ഒരുക്കിയാണ് തണലൊരുക്കുന്നത്. ഓല ഉപയോഗിച്ച് പൊത ഇടാൻ ഒരു ചെടിക്ക് രണ്ടുരൂപ നിരക്കിൽ ചെലവു വരുന്നുണ്ട്. നെറ്റ് വാങ്ങി ഉപയോഗിക്കുമ്പോൾ ഇത് ഇരട്ടിയാകും. കൂടുതൽ തവണ ഉപയോഗിക്കാൻ കഴിയുമെന്നതിനാൽ പല കർഷകരും ഇപ്പോൾ നെറ്റാണ് ഉപയോഗിക്കുന്നത്. ഏക്കർകണക്കിന് സ്ഥലത്ത് നെറ്റ് ഉപയോഗിക്കുമ്പോൾ വൻ ചെലവാണ് വരുക.
ഈ സമയത്തെ ഡിമാൻഡ് മുന്നിൽകണ്ട് വ്യാപകമായി ഭൂമി പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയിരിക്കുന്നത്. നല്ല തുക ഈ ഇനത്തിലും മുടക്കിയിട്ടുണ്ട്. ഇതിനുപുറമെ വളത്തിന്റെ വിലയും വർധിച്ചു. ഉണക്ക് തടയാനുള്ള മാർഗങ്ങൾക്കും ജലസേചനത്തിനുമായി അധികതുക ചെലവിടേണ്ടിവരുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ചൂട് മൂലം തൂക്കം കുറയുന്നതിനൊപ്പം പൈനാപ്പിൾ മൂപ്പെത്തുംമുമ്പേ പഴുത്ത് നശിക്കുകയും വളർച്ച മുരടിക്കുകയും ചെയ്യുന്നതും കർഷകരെ കണ്ണീരിലാഴ്ത്തുന്നു.
തൊഴിലാളികളും കുറവ്
ചൂട് കടുത്തതോടെ ഈ രംഗത്ത് സജീവമായിരുന്ന അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികൾ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങി. എട്ട് മണിക്കൂറും കൊടുംചൂടിൽ പണിയെടുക്കേണ്ടി വരുന്നതാണ് കാരണം. സ്ഥിരം തൊഴിലാളികൾ മടങ്ങിയതോടെ പുറമെനിന്ന് തൊഴിലാളികളെ പണിക്കു വിളിച്ചാൽ ഇരട്ടി തുക നൽകേണ്ട അവസ്ഥയാണ്. സ്ഥിരംജോലിക്കാർക്ക് 600 മുതൽ 700 രൂപ വരെയാണ് കൂലി നൽകുന്നത്. എന്നാൽ, പുറമെനിന്ന് വിളിക്കുമ്പോൾ 1000നു മുകളിൽ കൂലി നൽകേണ്ടിവരുന്നതും ജോലിക്ക് തുടർച്ച ഇല്ലാതാകുന്നതും പ്രശ്നമാണ്.
ചൂട് കഠിനമാകുമ്പോൾ 12 മുതൽ മൂന്നുവരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്ന സർക്കാർ നിർദേശം പാലിക്കാൻ ഉടമകൾ തയാറാണെങ്കിലും ഇതിനുപകരം മൂന്നു മണിക്കൂർ ജോലി ചെയ്യാൻ അന്തർസംസ്ഥാന തൊഴിലാളികൾ തയാറാകാത്തതും പ്രതിസന്ധിയാണ്. തൊഴിലാളിക്ഷാമം മൂലം കൃഷിയിറക്കുന്ന സ്ഥലത്തിന്റെ ഏരിയ കുറക്കാൻ ഒരുങ്ങുകയാണ് കർഷകർ.
വില കുതിക്കും
സാധാരണ ഏപ്രിൽ മാസത്തിലാണ് വൻവില വർധനവുണ്ടാകുന്നത്. പരിപാടികൾ കുറവായതും പരീക്ഷകളും മറ്റുംമൂലം മാർച്ചിൽ പൈനാപ്പിളിന് വലിയ വിലവർധന ഉണ്ടാകാറില്ല.
എന്നാൽ, ഇത്തവണ മാർച്ചിൽ റമദാൻ എത്തിയതും ഉൽപാദനം കുറഞ്ഞതും വിലവർധനക്കിടയാക്കി. നിലവിൽ മാർക്കറ്റിൽ പഴത്തിന് 55 രൂപയാണ് ഇന്നലത്തെ വില. പച്ച സ്പെഷൽ ഗ്രേഡിന് 50 രൂപയാണ് വില. കഴിഞ്ഞ മാർച്ചിൽ പഴത്തിന്റെ വില 40 രൂപ മാത്രമായിരുന്നു. ഇത് ഈ മാസം 80 വരെ എത്താനിടയുണ്ടെന്നും സീസൺ തുടങ്ങുന്ന ഏപ്രിലിൽ നൂറിൽ എത്തുമെന്നുമാണ് സൂചന.�