മോഹിപ്പിച്ച മള്‍ബറി കൃഷി ഹൈറേഞ്ചില്‍ കാണാനില്ല

മൾബറി
അടിമാലി: ഒരു കാലത്ത് കേരളത്തിലെ കര്‍ഷകരെ മോഹിപ്പിച്ച പട്ടുനൂല്‍ വ്യവസായത്തിന്റെ അവസാന വാക്കായിരുന്നു മള്‍ബറി കൃഷി ഹൈറേഞ്ചിൽനിന്ന് അപ്രത്യക്ഷമായി. മൊറേസ്യ കുടുംബത്തിലെ അംഗമായ മല്‍ബറി ഹൈറേഞ്ചില്‍നിന്ന് പടിയിറങ്ങാന്‍ കാരണം പട്ടുനൂല്‍ വ്യവസായത്തിന്റെ തകര്‍ച്ചയാണ്. പട്ടുനൂല്‍ പുഴുവിന്റെ പ്രധാന ആഹാരമെന്ന നിലയിലാണ് മർബറി നട്ടുവളര്‍ത്തിയത്. നേരത്തേ ഇന്ത്യയിലുടനീളം ഇത് കൃഷിയിറക്കിയിരുന്നു. ഇപ്പോള്‍ മൊത്തം 22 ശതമാനമാണ് മൾബറി കൃഷിയുളളത്. കേന്ദ്ര സില്‍ക്ക് ബോര്‍ഡിന്റെയും സെറികള്‍ചര്‍ അധികൃതരുടെയും കെടുകാര്യസ്ഥതയും കൃഷിക്ക് തിരിച്ചടിയായി. ഇപ്പോള്‍ മറയൂര്‍, വട്ടവട, കാന്തലൂര് പഞ്ചായത്തുകളില്‍ ചിലയിടങ്ങളിലാണ് കര്‍ഷകര്‍ ഉപേക്ഷിച്ച തോട്ടങ്ങളില്‍ മൾബറി ഉളളത്.
ഒരുകാലത്ത് കുറഞ്ഞ മുതല്‍ മുടക്കില്‍ പതിനായിരക്കണക്കിന് തൊഴില്‍ രഹിതര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കിയിരുന്ന മള്‍ബറി കൃഷി പിന്നീട് കാണാമറയത്തായതും അധികൃതരുടെ ദീര്ഘവീഷണമില്ലായ്മയുമാണ് മേഖലയെ തകര്‍ത്തത്. കേന്ദ്ര സില്‍ക് ബോര്‍ഡ് കാല് നൂറ്റാണ്ടിനപ്പുറത്ത് നല്കിയ പഠനറിപ്പോര്‍ട്ടില്‍ കേരളത്തിലെ ഇടുക്കി, കോട്ടയം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ അനുകൂല കാലാവസ്ഥയില്‍ ഇവ വളരുമെന്ന് കണ്ടെത്തുകയും കൃഷി വ്യാപനവുമായി ബന്ധപ്പെട്ട് സബ്സിഡിയും ബോധവത്കരണവും പരിശീലനവും നല്കി.
1990 കാലഘട്ടത്തില്‍ ഇത് വ്യാപകമായി മാറിയിരുന്നു. ഈ സമയം നല്ല വരുമാനമാണ് കര്‍ഷകര്‍ക്ക് നേടിക്കൊടുത്തത്. എന്നാല്‍, ഉദ്യോഗസ്ഥ താല്പര്യക്കുറവും പട്ടുനൂല്‍ കയറ്റുമതിയില്‍ താൽപര്യം കുറഞ്ഞതും തിരിച്ചടിയായി. ലോകത്ത് പട്ട് ഉൽപാദനത്തില് ഇന്ത്യക്കായിരുന്നു മുന്‍തൂക്കമെങ്കില്‍ ഇപ്പോള്‍ ചൈനയാണ് മുന്നില്‍. ജപ്പാന്, ദക്ഷിണ കൊറിയ, റഷ്യ എന്നീ രാജ്യങ്ങളിലും പട്ടുനൂല്‍ വ്യാപകമായി ഉണ്ട്. 1996 ല്‍ കാന്തല്ലൂരില്‍ ആരംഭിച്ച പട്ടുനൂല്‍ ഉൽപാദകസംഘം അടച്ചുപൂട്ടിയതോടെ ദക്ഷിണേന്ത്യയില്‍ ഏറ്റവും മികച്ച കൊക്കൂണ്‍ ഉൽപാദിപ്പിച്ചിരുന്ന ഇവിടെ മള്‍ബറി കൃഷിയുടെ താളം തെറ്റി.
തുടര്‍ന്ന് 2006 ല്‍ സെറിഫെഡ് വീണ്ടും പ്രതീക്ഷയേകി സില്‍ക്ക് ഉൽപാദനത്തില് പുതുജീവന്‍ നല്‍കിയെങ്കിലും 2010 ല്‍ സെറിഫെഡിന് ഗ്രാമവികസന വകുപ്പില്‍ ലയിപ്പിച്ചതോടെ കര്‍ഷകര്‍ വഴിയാധാരമായി. കരിമ്പുകൃഷിയുടെ നഷ്ടക്കണക്കില്നിന്നും മറയൂരിലെയും കാന്തല്ലൂരിലെയും കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി ഗ്രാമവികസന വകുപ്പ് വീണ്ടും മള്‍ബറി കൃഷിയില്‍ രംഗത്ത് വന്നെങ്കിലും ഇതും നിലച്ചു. നിലവില്‍ കാന്തല്ലൂര്‍, മറയൂര്‍ തുടങ്ങി പ്രദേശങ്ങളിലെ അതിര്‍ത്തി ഗ്രാമങ്ങളായ ആനക്കാല്‍പ്പെട്ടി, നാച്ചിവയല്‍, കൂടവയല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇപ്പോഴും മള്‍ബറി ചെടികള്‍ കാണാം. ആറു മാസം മുതല്‍ 15 വര്‍ഷം വരെ വിളവെടുക്കാനാകുന്ന മള്‍ബറി ചെടിയില്‍ പട്ടുനൂല്‍ പുഴുക്കള്‍ നാലു ദിവസം കൊണ്ട് 1400 മീറ്റര്‍ വരെ നീളമുള്ള പട്ടുനൂല്‍ ഉൽപാദിപ്പിക്കും.