പുതിനയിലയിങ്ങനെ തഴച്ചുവളരും; എളുപ്പവഴിയിതാ…

ഭക്ഷണങ്ങളുടെ രുചിയും മണവും ഒന്നുകൂടി ആകർഷകമാക്കാൻ പുതിനയില ഉപയോഗിക്കാറുണ്ട്. പാനീയങ്ങളും പുതിന ഉപയോഗിച്ച് തയാറാക്കാറുണ്ട്. രുചി മാത്രമല്ല, പുതിനയിൽ ഒരുപാട് ആരോഗ്യഗുണങ്ങളുമുണ്ട്.
ചൂടുകാലത്ത് പുതിനയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിരവധി ഗുണങ്ങൾ നൽകും. പുതിന വെള്ളം ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കും. പുതിനയിൽ കലോറി കുറവാണ്. പക്ഷേ വിറ്റാമിൻ എ, ഇരുമ്പ്, ഫോളേറ്റ്, മാംഗനീസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പുതിനയിൽ ധാരാളം ആന്റ് ഓക്സിഡന്റുകൾ അടങ്ങുന്നതിനാൽ ദഹനത്തെ വേഗത്തിലാക്കാൻ സഹായിക്കും.
പുതിന ഇല വായിലിട്ട് ചവച്ചാൽ വായ്നാറ്റം താൽക്കാലികമായി മാറും. തൊണ്ടയ്ക്കും നെഞ്ചിലുമുണ്ടാകുന്ന കഫക്കെട്ട് മാറാൻ പുതിനയില സഹായിക്കും. പുതിനയില കൊണ്ട് ആവിപിടിക്കുന്നതും നല്ലതാണ്. തലവേദനയെ ശമിപ്പിക്കാനുള്ള കഴിവും പുതിനക്ക് ഉണ്ടെന്നത് നാട്ടറിവാണ്.
മിക്കവരും പുതിന കടയിൽ നിന്ന് വിലകൊടുത്ത് വാങ്ങുകയാണ് ചെയ്യാറ്. വൻതോതിൽ ഉൽപ്പാദിപ്പിക്കുന്ന പുതിന പലപ്പോഴും വീര്യമേറിയ കീടനാശിനികൾ ഒക്കെ തളിച്ച് എത്തുന്നവയാകും. നന്നായി കഴുകിയ ശേഷം മാത്രമേ കടയിൽ നിന്ന് വാങ്ങുന്ന പുതിന ഉപയോഗിക്കാവൂ. അതേസമയം, എളുപ്പത്തിൽ വീട്ടിൽ തന്നെ പുതിന വളർത്താനും സാധിക്കും. കടയിൽ നിന്ന് വാങ്ങുന്ന പുതിന ഉപയോഗിച്ച് തന്നെ നമുക്ക് ഇത് വീട്ടിൽ വളർത്തിയെടുക്കാം.

�
പുതിന വീട്ടിൽ വളർത്താം
അധികം വാടാത്ത പുതിനയാണ് നടാനായി എടുക്കേണ്ടത്. ആരോഗ്യമുള്ള ഒരു പുതിനത്തണ്ടെടുത്ത് അതിന്റെ വലിയ ഇലകൾ മുഴുവൻ കട്ട് ചെയ്ത് ഒഴിവാക്കണം. ചെറിയ ഇലകൾ നിലനിർത്താം. ഇത് പോട്ടിങ് മിക്സിൽ നടുകയാണ് വേണ്ടത്. മണ്ണ്, മണ്ണിര കമ്പോസ്റ്റ്, ചകിരിച്ചോറ് എന്നിവ കലർത്തിയ പോട്ടിങ് മിശ്രിതമാണ് പുതിന നടാൻ നല്ലത്. നടുന്നതിന് മുമ്പ് ഇത് നനച്ചുകൊടുക്കണം.
നനഞ്ഞുകിടക്കുന്ന ഈ പോട്ടിങ് മിശ്രിതത്തിൽ വേണം പുതിന നടാൻ. ചെടികൾ നടുന്നത് പോലെ നേരെ കുത്തനെയല്ല പുതിനത്തണ്ട് നടേണ്ടത്. മണ്ണിൽ അൽപം ചരിച്ച് കിടത്തി വേണം പുതിനത്തണ്ട് നടാൻ. നീളമേറിയ തണ്ടാണെങ്കിൽ ഇടവിട്ട സ്ഥലങ്ങളിൽ തണ്ട് മണ്ണിനുള്ളിലാവുന്ന വിധം കുത്തി വെക്കണം. ശിഖരങ്ങളുള്ള തണ്ടായാൽ പോലും ഈ രീതിയിൽ നടാം.
ഒരു മൂന്ന് ആഴ്ചയാകുമ്പോഴേക്കും പുതിനത്തണ്ടിൽ പുതിയ വേരുകൾ പിടിച്ചുവരുന്നത് കാണാം. ഒരു മാസം പിന്നിടുമ്പോഴേക്കും നല്ല നിലയിൽ വളർന്നുവരും. വേനൽക്കാലത്ത് നന്നായി നനച്ചുകൊടുക്കണം. ചെറിയ ഒരു നനവ് എപ്പോഴും മണ്ണിലുണ്ടായിരിക്കണം. പുതിനയിലയിൽ പുഴുശല്യമോ മറ്റ് കീടശല്യമോ കാണുകയാണെങ്കിൽ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തുകൊടുക്കാം.

�
നല്ല സൂര്യപ്രകാശം ഉള്ള സ്ഥലങ്ങളിലാണ് പുതിന നന്നായി വളരുക. എന്നാല്‍, സൂര്യപ്രകാശം കുറഞ്ഞയിടങ്ങളിലും വളരും. നല്ല വളം വേണ്ട ഒരു ചെടിയാണിത്. കാലിവളവും ഗോമൂത്രം നേര്‍പ്പിച്ചതും കടലപ്പിണ്ണാക്ക് കുതിര്‍ത്ത് നേര്‍പ്പിച്ചത് ചാണകെത്തളിയുടെ കൂടെയും രണ്ടാഴ്ചയിലൊരിക്കല്‍ കൊടുക്കാം. ജൈവവള ഗ്രാന്യൂളുകള്‍ കുറേശ്ശെ ഇട്ടു കൊടുക്കാം. അതും രണ്ടാഴ്ചയിലൊരിക്കല്‍. നനയുടെ കാര്യമാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. നന തീരെ കുറയാനും വല്ലാതെ കൂടാനും പാടില്ല.