തക്കാളി ഉൽപാദനം കുറയുന്നു

പ്രതീകാത്മക ചിത്രം. കടപ്പാട്: ഡീപ് എ.aഐ
മസ്കത്ത്: ഒമാനിൽ തക്കാളി ഉൽപാദനം കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം 2.5 ശതമാനം കുറവുള്ളതായി ദേശീയ സ്ഥിതി വിവര കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2024ൽ 2,19,775 ടൺ തക്കാളിയാണ് ഒമാനിൽ ഉൽപാദിപ്പിച്ചത്. ഏറ്റവും കൂടുതൽ തക്കാളി ഉൽപാദിപ്പിച്ചത് വടക്കൻ ബാത്തിന ഗവർണറേറ്റിൽ ആയിരുന്നു.
1,55,241 ടൺ തക്കാളിയാണ് ഇവിടെ ഉൽപാദിപ്പിച്ചത്. എന്നാൽ 2023ൽ ഒമാനിൽ മൊത്തം 2,25,488 ടൺ തക്കാളിയാണ് ഉൽപാദിപ്പിച്ചിരുന്നത്. വടക്കൻ ബാത്തിന ഗവർണറേറ്റിൽ 1,59,227 ടൺ തക്കാളിയാണ് ഉത്പാദിപ്പിച്ചിരുന്നത്. കുറെ വർഷങ്ങളായി തക്കാളി ഉൽപാദനം വർധിക്കുകയായിരുന്നു. ചില വർഷങ്ങളിലെ കലാവസ്ഥ വ്യതിയാനം തക്കാളി ഉൽപാദനത്തെ ബാധിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ വർഷവും ഈ വർഷവും അനുകൂല കാലവസ്ഥയാണെങ്കിലും ഉൽപാദനം കുറയുകയായിരുന്നു.
മുൻ കാലങ്ങളിൽ ബർക്കമുതൽ സുഹാർ വരെയുള്ള മേഖലകളിൽ മാത്രമാണ് തക്കാളി ഉൽപാദനം കാര്യമായി ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സലാല, അൽ കാമിൽ, നിസ്വ, ബഹ്ല എന്നിവിടങ്ങളിലെല്ലാം തക്കാളി ഫാമുകൾ ഉണ്ടായിട്ടുണ്ട്. അതിനാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് തക്കാളി ഉൽപാദനം കൂടുതലാണ്.
എന്നാൽ തക്കാളി ഉൽപാദനം കൂടിയതോടെ വിപണിയിൽ തക്കാളിക്ക് വില വല്ലാതെ കുറയുകയും ഡിമാന്റ് ഇല്ലാതാവുകയും ചെയ്തതായി തക്കാളി മൊത്ത വ്യാപാരിയായ അബ്ദുൽ ലത്തീഫ് പറയുന്നു. ഒന്നാം വിളയും രണ്ടാം വിളയും ആയതോടെ തക്കാളി ഉൽപാദനം ഏറ്റവും ഉയർന്ന സീസണാണിത്. റദമാൻ ആയതോടെ ഹോട്ടലുകൾ പലതും പകൽ സമയത്ത് പ്രവർത്തിക്കാത്തത് തക്കാളിയുടെ ഉപയോഗത്തെ ബാധിച്ചിരുന്നു. റമദാനിൽ പൊതുവെ പച്ചക്കറികളുടെ ഉപയോഗം കുറയുന്നതും ഡിമാന്റിനെ ബാധിക്കുന്നുണ്ട്.
അതിനാൽ ഇപ്പോൾ ഫാമുകളിൽനിന്ന് മൂന്നിൽ ഒന്ന് തക്കാളി മാത്രമാണിപ്പോൾ വിപണിയിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ അടക്കമുള്ള വിപണികളിൽ ഇറാൻ തക്കാളി സുലഭമായതിനാൽ കയറ്റിഅയക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒമാൻ മാർക്കറ്റിൽ തക്കാളി വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. ഒമാനിൽ നിലവിൽ ഒരു കാർട്ടൺ തക്കാളിക്ക് 300 ബൈസ മുതൽ 400 ബൈസ വരെയാണ് വില. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കാർട്ടണ്‍ 700 മുതൽ 800 ബൈസ വരെയായിരുന്നു കാർട്ടൻ വില.
വില വല്ലാതെ കുറയുന്നത് കർഷകർക്ക് നഷ്ടം ഉണ്ടാക്കാൻ കാരണമാക്കുന്നുണ്ട്. ഒരു കാർട്ടണ്‍ 800 ബൈസയെങ്കിലും കിട്ടിയാൽ മാത്രമേ കൃഷി ലാഭകരമാവുകയുള്ളു. വില വല്ലാതെ കുറയുന്നതും ആവശ്യക്കാരില്ലാത്തതും കർഷകരെ പ്രതികൂലമായി ബാധിക്കാനും പലരും തക്കാളി കൃഷിയിൽ നിന്ന് പിൻമാറാൻ സാധ്യതയുള്ളതായി അദ്ദേഹം പറഞ്ഞു. അങ്ങനെ വരുകയാണെങ്കിൽ വരും വർഷങ്ങളിൽ ഉൽപാദനം ഇനിയും കുറയാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.