ചുരക്ക കൃഷിചെയ്യാം മികച്ച വിളവ് നേടാം

കേരളത്തിൽ സുലഭമായി കൃഷി ചെയ്തിരുന്ന നാടൻ പച്ചക്കറി വിളയാണ് ചുരക്ക അഥവ ചുരങ്ങ. വെള്ളരി വർഗത്തിൽപെട്ട ചുരക്കയുടെ ഇളം പ്രായത്തിലുള്ള കായ്കളാണ് ഭക്ഷണാവശ്യത്തിനായി ഉപയോഗിക്കുക. ചുരക്കയുടെ കായും വിത്തും ഭക്ഷണത്തിനായി ഉപയോഗിക്കും. നാരുകളാലും വിറ്റാമിന്‍ സി, ബി, കെ, എ, ഇ, പൊട്ടാസ്യം എന്നിവയാലും സമ്പന്നമാണ് ഇവ.
ചുരക്കയുടെ കായക്ക് കുപ്പിയുമായി സാമ്യം കാണാം. അതിനാൽതന്നെ ബോട്ടില്‍ഗാര്‍ഡ് എന്നാണ് ഇംഗ്ലീഷ് പേര്. ചുരക്കയുടെ വിത്ത് എടുത്തതിനുശേഷം പുറംഭാഗം പാത്രമായും ഉപയോഗിക്കും. വലിയ ചെലവില്ലാതെ മികച്ച വിളവ് നേടാവുന്ന വിളയാണ് ചുരക്ക.
ഇനങ്ങൾ
പസാ സമ്മര്‍ പ്രൊലിഫിക് ലോങ്, അര്‍ക്കാ ബാഹര്‍, പുസ സമ്മര്‍ പ്രോളിഫിക് റൗണ്ട്, പൂസ മേഘ്ദൂത്, പൂസ മഞ്ജരി, പൂസ സന്ദേശ്, പഞ്ചാബ് കോമള്‍, സാമ്രാട്ട് തുടങ്ങിയവ ചുരക്കയിൽ നല്ല വിളവ് നൽകുന്ന വിളകളാണ്. വേനല്‍ക്കാലത്തും മഴക്കാലത്തും ചുരക്ക കൃഷി ചെയ്യാം. ജനുവരി -മാര്‍ച്ച്, സെപ്റ്റംബർ – ഡിസംബർ എന്നിവയാണ് നടീൽകാലം. മഴയെ ആശ്രയിച്ച കൃഷി ചെയ്യുമ്പോൾ ആദ്യത്തെ മൂന്നോ നാലോ മഴക്കുശേഷം മേയ് – ജൂണിൽ വിത്തിടാം.
വിത്ത് നേരിട്ട് പാകിയാണ് ചുരക്ക കൃഷി ചെയ്യുക. ഒരു സെന്റിൽ 12 മുതൽ 16 ഗ്രാം വരെ വിത്തിടാൻ സാധിക്കും. 3×3 മീറ്റർ ഇട അകലത്തിലും 2-3 സെ.മീറ്റർ ആഴത്തിലും വിത്ത് നടാം. കുഴികളില്‍ കാലിവളവും രാസവളവും മേല്‍മണ്ണും കൂട്ടിക്കലര്‍ത്തിയ മിശ്രിതം നിറക്കണം. കുഴി ഒന്നിന് നാലു മുതല്‍ അഞ്ചു വിത്തുവരെ നടാനാകും. രണ്ടാഴ്ചക്കുശേഷം ആരോഗ്യമില്ലാത്ത ചെടികളെ നീക്കം ചെയ്ത് കുറഞ്ഞത് മൂന്നു ചെടികള്‍ ഒരു കുഴിയില്‍ നിലനിര്‍ത്തണം. വള്ളി വീശാൻ തുടങ്ങിയാൽ പന്തലിട്ട് കൊടുക്കണം.
ജലസേചനം
വളര്‍ച്ചയുടെ ആദ്യകാലഘട്ടങ്ങളില്‍ 3-4 ദിവസത്തെ ഇടവേളകളില്‍ നനക്കണം. പൂവിടുമ്പോഴും കായ്ക്കുമ്പോഴും ഒന്നിടവിട്ട് ദിവസങ്ങളില്‍ നനക്കണം. വരൾച്ചയെ അതിജീവിക്കാനും ചുരക്കക്ക് കഴിയും. കള നിയന്ത്രണവും ഇടയിളക്കവും രണ്ടു പ്രാവശ്യമെങ്കിലും ചെയ്യണം. കൂടാതെ മഴക്കാലത്ത് മണ്ണ് കൂട്ടി കൊടുക്കാനും ശ്രദ്ധിക്കണം.
അടിവളം
അടിവളം ഒരു സെന്റിന് 100 കിലോ ജൈവവളം, 304 ഗ്രാം യൂറിയ, 556 ഗ്രാം മസ്സൂറിഫോസ്, 167 ഗ്രാം പൊട്ടാഷ് എന്ന തോതിൽ നൽകാം. മേൽവളം ഒരു സെന്റിന് 304 ഗ്രാം യൂറിയ തവണകളായി നൽകാം.
വിളവെടുപ്പ്
പൂര്‍ണ വലിപ്പം വെച്ച കായ്കള്‍ ഇളം പ്രായത്തില്‍തന്നെ വിളവെടുക്കാൻ സാധിക്കും. നഖംകൊണ്ട് കായില്‍ കുത്തിയാല്‍ താഴ്ന്നുപോകുന്നുവെങ്കില് അത് പച്ചക്കറിയായി ഉപയോഗിക്കാം. മൂത്തുകഴിയുമ്പോൾ പുറംതോടിന് നല്ല കട്ടിവെക്കും. ഇത് പച്ചക്കറിയായി ഭക്ഷണാവശ്യത്തിന് ഉപയോഗിക്കാൻ സാധിക്കില്ല. പകരം വിത്തിനായി ഉപയോഗിക്കാം.
ആക്രമണകാരികൾ
എപ്പിലക്ന വണ്ട് /ആമ വണ്ട് – കരണ്ടുതിന്ന ഇലയുടെ ഭാഗം ഉണങ്ങിപ്പോകുന്നതാണ് ലക്ഷണം. ആക്രമണം നേരിട്ടാൽ കീടത്തിന്റെ എല്ലാദശയും ശേഖരിച്ച് നശിപ്പിക്കണം. കൂടാതെ 2 ശതമാനം വേപ്പണ്ണ-സോപ്പ് -വെളുത്തുള്ളി ലായനി തളിക്കണം. ആക്രമണം രൂക്ഷമാണെങ്കില്‍ കാര്‍ബാറില്‍ (സെവിന്‍) 50 WP, 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ചു നൽകണം.
ചുവന്നമത്തൻ വണ്ടുകൾ – ഇലകള്‍ കരണ്ട് തിന്നുന്നതും വേരുകൾ നശിപ്പിക്കുന്നതുമാണ് ലക്ഷണം. ഇവയുടെ ആക്രമണംമൂലം ഇലയിൽ വിവിധ ആകൃതിയിലുള്ള ദ്വാരങ്ങളും കാണാനാകും. വേപ്പിൻപിണ്ണാക്ക് ഒരു കുഴിയിൽ 20 ഗ്രാം എന്ന തോതിൽ ചേർക്കുന്നതുവഴി ഇവയുടെ ആക്രമണം ചെറുക്കാം. കൂടാതെ പുകയില കഷായം ഇലയുടെ അടിവശം നനയുന്ന രീതിയില്‍ തളിക്കുന്നതും നല്ലതാണ്.
ചൂര്‍ണപൂപ്പ് -ഇലയിലും തണ്ടിലും ചാരം വിതറിയപോലെ കാണുന്നതാണ് ലക്ഷണം. കാർബന്‍ഡാസിം ബാവിസ്റ്റിന് 1 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിൽ കലര്‍ത്തി തളിക്കണം.
മൃദുരോമപൂപ്പ് -ഇലപ്പരപ്പില്‍ മഞ്ഞപ്പാടുകളും അടിവശത്ത് അഴുകിയപോലുള്ള നനഞ്ഞ പാടുകളുമാണ് ലക്ഷണം. വേപ്പ്, നാറ്റപൂച്ചെടി എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ ചാർ, 5 ശതമാനം വീര്യത്തില്‍ ഇലകളുടെ ഇരുവശവും നനയുന്ന രീതിയില്‍ തളിച്ചുനൽകണം. മാങ്കോസബ് 0.3 ശതമാനം (3 ഗ്രാം /ഒരു ലിറ്റര്‍ വെള്ളത്തില്‍) തളിച്ചുനൽകുക.�