കോലിഞ്ചി വില താഴോട്ട്; കർഷകർ പ്രതിസന്ധിയിൽ

കോലിഞ്ചിയുടെ പുറംതൊലി കളയുന്ന തൊഴിലാളികൾ
കോന്നി: മലയോര മേഖലയിലെ പ്രധാന കാർഷിക വിളയായ കോലിഞ്ചിക്ക് വിലയിടിഞ്ഞത് കർഷകരെ സാരമായി ബാധിച്ചു. മുൻ വർഷങ്ങളിൽ 11 കിലോ ഉണങ്ങിയ കോലിഞ്ചിക്ക് 1500 രൂപയോളം ലഭിച്ചപ്പപ്പോൾ 900 രൂപ മാത്രമാണ് നിലവിൽ ലഭിക്കുന്നത്. ജോലിക്ക് ആളുകളെ വെച്ച് കോലിഞ്ചി വിളവെടുത്താൽ തൊഴിലാളികളുടെ കൂലിക്ക് ശേഷം തുച്ഛമായ പണം മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്.
തണ്ണിത്തോട്, തേക്കുതോട്, മണ്ണീറ, ചിറ്റാർ, സീതത്തോട്, കൊക്കാത്തോട് തുടങ്ങി മലയോര മേഖലയിലെ നിരവധി കർഷകരാണ് കോലിഞ്ചിയിൽനിന്നും പ്രധാന വരുമാനം കണ്ടെത്തുന്നത്. മഴ ആരംഭിച്ച് ജൂൺ, ജൂലൈ മാസങ്ങളിലാണ് കോലിഞ്ചി കൃഷി ചെയ്യുന്നത്.
ഫെബ്രുവരി, മാർച്ച് മാസമാണ് വിളവെടുപ്പ് കാലം. കൃഷി ചെയ്ത് മൂന്നാം വർഷമാണ് കോലിഞ്ചി വിളവെടുപ്പ് നടത്തുന്നത്. കോലിഞ്ചി കൃഷിക്ക് ചെലവ് കുറവാണെങ്കിലും പാകമായ കോലിഞ്ചി കിളച്ച് ചുരണ്ടി വെയിലിൽ ഉണക്കി പാകപ്പെടുത്തി വിൽപനക്ക് എത്തിക്കുമ്പോൾ ചെലവ് ഏറെയാണ്.
വേര് ചെത്തി പുറംതൊലി കളയാൻ കർഷകന് മറ്റ് തൊഴിലാളികളെയും ആവശ്യമാണ്. മലയോര ഗ്രാമങ്ങളിൽ വന മേഖലയോട് ചേർന്ന പാറപ്പുറങ്ങളിലും മറ്റുമാണ് കോലിഞ്ചി ഉണക്കാൻ ഇടുന്നത്. രൂക്ഷ ഗന്ധമുള്ളതിനാൽ കീടങ്ങളുടെയും വന്യമൃഗങ്ങളുടെയും ആക്രമണവും പേടിക്കേണ്ടതില്ല. ഏഴ് അടി വരെ ഉയരത്തിൽ വളരുന്ന കോലിഞ്ചി ഇഞ്ചിയുടെ വർഗത്തിൽപെട്ട ചെടിയാണ്. ഓഷധ നിർമാണത്തിനും സുഗന്ധലേപനങ്ങൾ നിർമിക്കാനുമാണ് കോലിഞ്ചി പ്രധാനമായും ഉപയോഗിക്കുന്നത്.