കേരളത്തിൽ കൃഷി കുറയുന്നു

സംസ്ഥാനത്ത് നെല്ലും പച്ചക്കറിയും ഉൾപ്പെടെ കൃഷിയുടെ അളവ് ഗണ്യമായി കുറയുന്നു. അഞ്ച് വർഷത്തിനിടെ പ്രധാന വിളകൾ കൃഷി ചെയ്യുന്ന ഭൂമിയുടെ അളവ് 39,508.31ഹെക്ടർ കുറഞ്ഞതായി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ രേഖകൾ വ്യക്തമാക്കുന്നു. കൃഷി പ്രോത്സാഹിപ്പിക്കാൻ സർക്കാർ കോടികൾ ചെലവഴിക്കുമ്പോഴും അഞ്ച് വർഷം മുമ്പുണ്ടായിരുന്നതിനെ അപേക്ഷിച്ച് കൃഷിഭൂമി കുറഞ്ഞിരിക്കുകയാണ്. തോട്ടവിള, നെല്ല്, പചക്കറി, ഫലവർഗങ്ങൾ എന്നിവയുടെയെല്ലാം കൃഷി കുറഞ്ഞിട്ടുണ്ട്. ഔഷധ സസ്യ കൃഷിയിൽ മാത്രമാണ് നേരിയ വർധനയുണ്ടായത്.
2019-20ൽ 1,98,180 ഹെക്ടറിൽ നെല്ല് കൃഷി ചെയ്തിരുന്നു. 2023-24ൽ എത്തുമ്പോൾ ഇത് 1,80,278.48 ഹെക്ടറായി കുറഞ്ഞു. 9.03 ശതമാനമാണ് ഈ കാലയളവിൽ നെൽകൃഷിയിലുണ്ടായ കുറവ്. 2019-20ൽ 41,053 ഹെക്ടറിൽ സംസ്ഥാനത്ത് പച്ചക്കറി കൃഷിയുണ്ടായിരുന്നു. 2023-24ൽ ഇത് 38,974.99 ഹെക്ടറിലേക്ക് ചുരുങ്ങി. 5.06 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. തോട്ടവിള കൃഷി ചെയ്തിരുന്ന ഭൂമിയുടെ അളവ് 2823.9 ഹെക്ടറും (0.41 ശതമാനം) ഫലവർഗ കൃഷി 16704.9 ഹെക്ടറും (4.5) കുറഞ്ഞു.
എന്നാൽ, ഔഷധ സസ്യകൃഷി 2.44 ശതമാനം വർധിച്ചു. 1328 ഹെക്ടറിൽനിന്ന് 1360.41 ഹെക്ടറായാണ് കൂടിയത്. നാഷനൽ സാമ്പിൾ സർവേ കണക്ക് പ്രകാരം സംസ്ഥാനത്ത് ഒരു വർഷം ആവശ്യമുള്ളത് 20 ലക്ഷം ടൺ പച്ചക്കറിയാണ്. നിലവിൽ 17.21 ലക്ഷം ടൺ പച്ചക്കറിയാണ് ഉത്പാദിപ്പിക്കുന്നത്. 2020-21ൽ ഇത് 15.7 ലക്ഷം ടൺ ആയിരുന്നു എന്നാണ് കൃഷി വകുപ്പിന്റെ കണക്ക്. ഉത്പാദനം നേരിയ തോതിൽ ഉയർന്നെങ്കിലും കൃഷിഭൂമിയുടെ അളവ് കുറഞ്ഞുവരികയാണ്. പച്ചക്കറി ഉത്പാദനത്തിൽ 2028-29ഓടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം എന്ന പദ്ധതിക്ക് കൃഷി വകുപ്പ് രൂപം നൽകിയിട്ടുണ്ട്.