കൃഷിവകുപ്പ് നൽകിയ വിത്ത് വിതച്ചു; കതിരായപ്പോൾ വരിനെല്ല് !

വെമ്പിള്ളി പാടശേഖരത്തിലെ വിളയാറായ വരിനെല്ല്
കിഴക്കമ്പലം: വിത്തുവിതച്ച് മാസങ്ങൾക്കുശേഷം കതിർ കണ്ടപ്പോൾ മുഴുവനും വരിനെല്ല് (ഉപയോഗിക്കാനാവാത്ത നെല്ല്). വടവുകോട് ബ്ലോക്കിന് കീഴിൽ കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി നെല്ലുൽപാദക സമിതിയുടെ കൃഷിയാണ് പാഴായത്.
സംസ്ഥാനത്തെ മികച്ച പാട ശേഖരമായ വെമ്പിള്ളിയിലെ 15 ഏക്കർ നിലമാണ് സംസ്ഥാന കൃഷിവകുപ്പ് നെൽവിത്ത് ഉത്പാദിപ്പിക്കാൻ തിരഞ്ഞെടുത്തത്.
ഇതനുസരിച്ച് മണ്ണുത്തിയിലെ കേരള സീഡ് ഡവലപ്മെന്റ് അതോറിറ്റി വഴി 390 കിലോ ഉമ ഇനത്തിൽപ്പെട്ട വിത്ത് നൽകി. കൃഷി ചെയ്ത 12.30 ഏക്കറിൽ ഏതാണ്ട് 60 ശതമാനവും വരിനെല്ലാണ്.
ഇതേ തുടർന്ന് കർഷകർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്. പരാതിയെ തുടർന്ന് കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.വി. സിന്ധു കർഷകരുടെ യോഗം വിളിക്കുകയും ജില്ല കൃഷി വകുപ്പ് അധികൃതർ സ്ഥലം സന്ദർശിക്കുകയും ചെയ്തു.
തിങ്കളാഴ്ച മണ്ണുത്തിയിൽ നിന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കും.
നെല്ല് കൊയ്യാറാകുമ്പോൾ ഉമ ഇനത്തിൽപ്പെട്ട കതിരുകൾ മുറിച്ചെടുത്ത ശേഷം ബാക്കി മുഴുവനും കത്തിച്ചുകളയാനും അടുത്ത തവണ കൃഷിയിറക്കുന്നതിനു മുൻപായി പാടം ഉഴുതിട്ടശേഷം മുളച്ചുവരുന്ന മുഴുവൻ ചെടികളും നശിപ്പിച്ചശേഷം മാത്രം നെൽവിത്തിട്ടാൽ മതിയെന്നുമാണ് അസിസ്റ്റന്റ് ഡയറക്ടർ നിർദേശിക്കുന്നത്. എന്നാൽ ഇതിനുള്ള മുഴുവൻ ചെലവുകളും കൃഷിവകുപ്പ് വഹിക്കണമെന്നാണ് കർഷകരുടെ ആവശ്യം.