കാസർകോടിന്റെ കുള്ളൻ പൈപ്പെരുമ

കാസർകോടൻ കുള്ളൻ പശുക്കൾ
കർണാടകത്തിലും കേരളത്തിലുമായി വ്യാപിച്ചുകിടക്കുന്ന തുളുനാടിന്റെ മണ്ണില്‍ ഉരുത്തിരിഞ്ഞതും ഉപജീവിക്കുന്നതുമായ തനത് പശുക്കളാണ് കാസർകോടൻ കുള്ളൻ പശുക്കൾ. ഒരു മീറ്ററിൽ താഴെ മാത്രം ഉയരവും ചെറിയ ശരീരപ്രകൃതിയുമുള്ളവയാണ് ഈ പശുക്കൾ. വെച്ചൂർ പശുവിനെ പോലെ രാജ്യത്തിന്റെ തനത് കന്നുകാലി ബ്രീഡ് ആയി കാസർകോടൻ പശുക്കൾ ഇതുവരെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഈയിനത്തിന് സവിശേഷതകൾ പലതുണ്ട്.
ആകാരത്തിൽ ചെറുതാണെങ്കിലും കാലാവസ്ഥാ വ്യതിയാനത്തോടും രോഗങ്ങളോടുമെല്ലാം വലിയ പ്രതിരോധം ഈ പശുക്കൾക്കുണ്ട്. സങ്കരയിനം കന്നുകാലികളിൽ ഇന്ന് വ്യാപകമായ രക്തപരാദ രോഗങ്ങളെല്ലാം ഈ കുറിയ പശുക്കളെ ബാധിക്കുന്നത് അപൂർവമാണ്. രണ്ടുലിറ്ററിൽ താഴെ മാത്രമാണ് ശരാശരി പാലുൽപാദനം. ഒറ്റനിറത്തിൽ കറുപ്പ് മുതൽ തവിട്ട് വരെ വിവിധ ശരീരവർണങ്ങളിൽ പശുക്കളെ കാണാം. കായികശേഷിയിലും കരുത്തിലും പശുക്കൾ മുൻപന്തിയിലാണ്, പൊതുവേ ശാന്തശീലമുള്ളവയും എളുപ്പം ഇണങ്ങുന്നവയുമാണ് ഈ പശുക്കൾ. തീറ്റ തേടി ദിവസവും പകലന്തിയോളം മേയുന്നതാണ് കാസർകോടൻ പശുക്കൾക്ക് ഇഷ്ടം, തൊഴുത്തിൽ തിരികെയെത്തുമ്പോൾ വൈക്കോലും വെള്ളവും അൽപം പിണ്ണാക്കും തവിടും അധിക തീറ്റയായി നൽകിയാൽ മതി. പരിപാലന ചെലവ് തീർത്തും കുറവാണ്. സീറോ ബജറ്റ് ഫാർമിങ് രീതികൾക്ക് ഏറ്റവും അനുയോജ്യവുമാണ് ഈ പശുക്കൾ.
മുതിർന്ന പശുക്കൾക്ക് 150 കിലോയും കാളകൾക്ക് 200 കിലോയും തൂക്കമുണ്ടാവും. വർഷത്തിൽ ഒരു പ്രസവം നടക്കും. സങ്കരയിനം പശുക്കൾ വ്യാപകമായെങ്കിലും ഇന്നും നിരവധി കർഷകർ പരമ്പരാഗത ശൈലിയിൽ ജില്ലയിൽ കാസർകോടൻ പശുക്കളെ വംശനാശത്തിന് വിട്ടുനൽകാതെ വളർത്തി സംരക്ഷിക്കുന്നു. കാസർകോട്, കാറഡുക്ക, മഞ്ചേശ്വരം പ്രദേശങ്ങളിലാണ് ഇന്ന് ഈയിനം പശുക്കൾ കൂടുതലായി കാണപ്പെടുന്നത്. കാസർകോടൻ പശുക്കളുടെ പാലിനും പാലിൽ നിന്നുള്ള ഉൽപന്നങ്ങൾക്കുമെല്ലാം ജനങ്ങൾക്കിടയിൽ വലിയ പ്രചാരവും പ്രസിദ്ധിയുമുണ്ട്.
അടക്ക ഉൾപ്പെടെ കാസർകോട് ജില്ലയിൽ വ്യാപകമായ കാർഷികവിളകൾ തഴച്ചുവളരാൻ കർഷകർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ജൈവവള സ്രോതസ്സ് കൂടിയാണ് ഈ കുഞ്ഞൻ പശുക്കളുടെ ചാണകം. ജൈവവളം തനത് രീതിയിൽ തൊഴുത്തിൽത്തന്നെ സംഭരിച്ച് ശേഖരിക്കുന്നതിനായി ഗോബറ എന്ന വിളിക്കുന്ന പൈതൃകരീതി തന്നെ തുളുനാട്ടിലെ കർഷകർക്കിടയിൽ പ്രചാരത്തിലുണ്ട്. തൊഴുത്തിന്റെ തറയിൽ പച്ചിലകളും കവുങ്ങിന്റെ പാളയോല, അടക്കാത്തൊണ്ട് മുതലായവ കട്ടിയിൽ വിരിച്ച് അതിൽ പശുക്കളെ വളർത്തുന്ന രീതിയാണിത്. പശുക്കളുടെ ചാണകവും മൂത്രവുമെല്ലാം വിരിപ്പിനൊപ്പം ചേർന്ന് ക്രമേണ മികച്ച ജൈവവളമായി മാറും.
കുഞ്ഞൻ പശുക്കൾക്ക് പരിരക്ഷ
ഉത്തര കേരളത്തിന്റെ ഈ സവിശേഷ ജീവപൈതൃകത്തെ ജനിതകശോഷണം വരാതെ സംരക്ഷിക്കാൻ സർക്കാർ മേഖലയിൽ കാസർകോട് ബദിയടുക്ക പഞ്ചായത്തിലെ ബേളയിൽ പരിരക്ഷണ കേന്ദ്രവും ഫാമും പ്രവർത്തിച്ചുവരുന്നു. 30 കാസർകോടൻ പശുക്കളുമായി ആരംഭിച്ച ബദിയടുക്കയിലെ ഈ ഫാം ഇന്ന് 180 ഓളം നാടൻ പശുക്കളുടെ ജനിതക പൈതൃകകേന്ദ്രമാണ്.
2013ൽ പ്രവർത്തനം ആരംഭിച്ച ബേള കന്നുകാലി ഫാം കേരളത്തിലെ തന്നെ സർക്കാർ ഉടമസ്ഥതയിലുള്ള ഏക തനതു കന്നുകാലി സംരക്ഷണ കേന്ദ്രമാണ്. കാസർകോടൻ പശുക്കളുടെ ജനിതക സംരക്ഷണം ഉറപ്പാക്കുന്നതിനും വംശവർധന പ്രോത്സാഹിപ്പിക്കുന്നതിനും മറ്റിനം കാലികളുമായുള്ള സങ്കരപ്രജനനം തടയുന്നതിനുമായി ജില്ലയിലെ എല്ലാ മൃഗാശുപത്രികളിലും കൃത്രിമ ബീജാധാന കേന്ദ്രങ്ങളിലും കാസർകോടൻ ഇനത്തിൽ പെട്ട മേൽത്തരം കാളകളുടെ ബീജം മൃഗസംരക്ഷണവകുപ്പ് കേരള കന്നുകാലി വികസന ബോർഡ് വഴി ലഭ്യമാക്കുന്നുണ്ട്. ഈയിനം പശുക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി കാസർകോട് ഡ്വാർഫ് കൺസർവേഷൻ സൊസൈറ്റിയും ജില്ലയിൽ പ്രവർത്തിച്ചുവരുന്നു.
കാസർകോടൻ പശുക്കൾക്ക് ബ്രീഡ് പദവി ലഭിക്കുമോ?
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കീഴില്‍ ഹരിയാനയിലെ കർണാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷനല്‍ ആനിമല്‍ ജനറ്റിക്സ് റിസോഴ്സസ് ബ്യൂറോയാണ് രാജ്യത്തെ തനത് വളർത്തുമൃഗ ജനുസ്സുകൾക്ക് ഔദ്യോഗിക അംഗീകാരം നൽകി ഒരു ബ്രീഡായി പ്രഖ്യാപിക്കുന്നത്. ബ്രീഡായി അംഗീകരിക്കപ്പെട്ട വളർത്തുമൃഗ ജനുസ്സുകളുടെ പരിരക്ഷണവും പരിപാലനവും പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണങ്ങൾക്കും ജനിതക സംരക്ഷണത്തിനും സുസ്ഥിര പ്രജനന പ്രവർത്തനങ്ങൾക്കുമായി വർഷാവർഷം കോടിക്കണക്കിന് രൂപയാണ് രാജ്യം ചെലവിടുന്നത്.
കൂടാതെ ബ്രീഡ് പട്ടികയിൽ ഇടംനേടിയ മൃഗങ്ങളെ അവയുടെ ഉറവിടങ്ങളിൽത്തന്നെ സംരക്ഷിക്കുന്ന കർഷകർക്ക് സാമ്പത്തിക സഹായവും പുരസ്കാരങ്ങളും നൽകിവരുന്നു. കാസർകോടൻ കുഞ്ഞൻ പശുക്കൾക്ക് ബ്രീഡ് പദവി നേടിയെടുക്കുന്നതിനായുള്ള പരിശ്രമങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, പലകാരണങ്ങളാൽ ലക്ഷ്യപ്രാപ്തിയിലെത്താനായില്ല. മൃഗസംരക്ഷണ വകുപ്പിന്റെയും കേരള കന്നുകാലി വികസന ബോർഡിന്റെയും ആഭിമുഖ്യത്തിൽ കാസർകോടൻ പശുക്കൾക്ക് ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട ഒരു ബ്രീഡ് എന്ന പദവി നേടിയെടുക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്.
ഇതിന്റെ പ്രാരംഭമായി പശുക്കളുമായി ബന്ധപ്പെട്ട സർവേ പൂർത്തിയായിക്കഴിഞ്ഞു. തുടർ നടപടികൾ കൂടി പൂർത്തിയാവുന്നതോടെ കാസർകോടൻ പശുക്കൾക്ക് ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട ജനുസ്സ് എന്ന പദവി നേടിയെടുക്കാൻ കഴിയുമെന്ന് തന്നെയാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകരുടെ പ്രതീക്ഷ. കൂടാതെ കാസർകോടൻ പശുക്കളെ കാസർകോട് ജില്ലയുടെ തനത് വളർത്തുമൃഗയിനമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾക്ക് കാസർകോട് ജില്ല പഞ്ചായത്തും തുടക്കമിട്ടിട്ടുണ്ട്.