ഒരു ശീമക്കൊന്ന മരത്തിന്‍റെയത്ര മാത്രം ഉയരം, ഒന്നരവർഷം കൊണ്ട് ചക്ക വിരിയും; വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി സൂപ്പർ സ്റ്റാറാണ്

വലിയൊരു ശീമക്കൊന്ന മരത്തിന്‍റെ ഉയരത്തിൽ മാത്രം വളരുന്ന പ്ലാവിൽ ഒന്നരവർഷം കൊണ്ടുതന്നെ ചക്ക വിരിയും. ഏറെ രുചികരമായ, സുഗന്ധം നിറഞ്ഞ, കറുമുറെ തിന്നാവുന്ന ചുളയുള്ള ചക്ക. ഇതിനെ അദ്ഭുത പ്ലാവ് എന്നല്ലാതെ മറ്റെന്താണ് വിളിക്കുക. തായ്‍ലൻഡിൽ ജനിച്ച് വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി എന്ന പേരിൽ ലോകമെമ്പാടും പ്രചാരം നേടിയ പ്ലാവിനത്തെ കുറിച്ചാണ് പറയുന്നത്.
പൂര്‍ണ വളര്‍ച്ചയെത്തുന്ന അവസ്ഥയില്‍ ഇതിനുണ്ടാകുന്ന പരമാവധി ഉയരം പതിനഞ്ച് അടി. ഇലത്തഴപ്പിന്റെ പരമാവധി വ്യാസമാകട്ടെ പത്തടിയും. അതായത് വലിയൊരു ശീമക്കൊന്ന മരത്തിന്റെ വലുപ്പം പോലും പ്ലാവിനുണ്ടായിരിക്കില്ലെന്നു ചുരുക്കം.

�
നന്നായി പരിപാലിക്കുന്ന സൂപ്പര്‍ ഏര്‍ലിയില്‍ നിന്ന് 18 മാസം കൊണ്ടു തന്നെ ചക്കയും വിളവെടുക്കാം. ഈ പ്ലാവിന്റെ ജന്മദേശം തായ്‌ലന്‍ഡാണെങ്കിലും പേരു വന്നത് വിയറ്റ്‌നാമിന്റെ പേരില്‍. തായ്‌ലന്‍ഡിലെ കര്‍ഷകരാണ് ആദ്യമായി ഇത്തരം പ്ലാവിനം കണ്ടെത്തുന്നതും പരിമിതമായ തോതില്‍ കൃഷി ചെയ്തു തുടങ്ങുന്നതും. അവരിതിന് നല്‍കിയ പേരാകട്ടെ ‘മിറ്റ് തായ് സുയി സോം’. പേരിന്റെ അര്‍ഥം തായ്‌ലന്‍ഡ് സൂപ്പര്‍ ഏര്‍ലി. എന്നാല്‍ ഇനം കണ്ടെത്തുന്നതിനും പേരു നല്‍കുന്നതിനുമപ്പുറം പ്രചരിപ്പിക്കാന്‍ കാര്യമായ ശ്രമമൊന്നും ഇവരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നു മാത്രമല്ല, വിയറ്റ്‌നാമിന് ഈയിനം നല്‍കാന്‍ മടികാട്ടിയതുമില്ല. വിയറ്റ്‌നാമാകട്ടെ തങ്ങളുടെ രാജ്യത്തെ മെക്കോങ് ഡെല്‍റ്റയില്‍ ഈയിനം വ്യാപകമായി പ്രചരിപ്പിച്ചുവെന്നു മാത്രമല്ല, ഇതിന്റെ പേര്‍ വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി എന്നാക്കുകയും ചെയ്തു.

�
ചക്ക കൊണ്ട് എന്തൊക്കെ കാര്യങ്ങളാണോ ലോകത്തിനാവശ്യം അവയെല്ലാം നിറവേറ്റുന്നതിന് വി.എസ്.ഇ എന്നു വിളിക്കാവുന്ന സൂപ്പര്‍ ഏര്‍ലിക്കാവും. പഴുത്തു കഴിഞ്ഞാല്‍ ചുളകളെല്ലാം കറുമുറെ തിന്നാന്‍ സാധിക്കുന്നത്ര ദൃഢതയുള്ളത്. മധുരത്തിന്റെ കാര്യത്തിലാണെങ്കില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം. സുഗന്ധം ആരെയും ആകര്‍ഷിക്കുന്നത്. പഴുപ്പ് കൂടുന്നതനുസരിച്ച് സുഗന്ധവും കൂടിക്കൊണ്ടിരിക്കുകയേയുള്ളൂ. ഇടിച്ചക്ക തോരന്‍ മുതല്‍ ചക്കവരട്ടി വരെ കേരളത്തിനു പരിചിതമായ ചക്ക വിഭവങ്ങളെല്ലാം തയ്യാറാക്കാന്‍ സൂപ്പര്‍ ഏര്‍ലി കൊണ്ടു സാധിക്കും. പുഴുക്ക് തയ്യാറാക്കാന്‍ ഒന്നാന്തരം. ചിപ്‌സ് വറുക്കാന്‍ അതിലേറെ മികച്ചത്. പഴം കൊണ്ടുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കാനും ഇതു പിന്നിലല്ല.
ഒരു വർഷം രണ്ടു തവണ ചക്ക വിരിയുമെന്നതാണ് മറ്റൊരു പ്രത്യേകത. ചക്കകളുണ്ടാകുന്നത് പ്രധാനമായും തായ്ത്തടിയില്‍ മാത്രം. അതായത് മരംകയറ്റക്കാരെ ആരെയും കിട്ടിയില്ലെങ്കിലും വിളവെടുപ്പ് പ്രശ്‌നമേയല്ല. ഒന്നാം വര്‍ഷം ശരാശരി നാലു ചക്ക മാത്രമായിരിക്കും ഒരു പ്ലാവില്‍ വിളയുന്നതെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിളവ് ക്രമാനുഗതമായി ഉയര്‍ന്നുകൊണ്ടിരിക്കും. അഞ്ചു വര്‍ഷത്തെ വളര്‍ച്ചയെത്തുമ്പോള്‍ ഒരേക്കറില്‍ നിന്ന് 25-45 ടണ്‍ വിളവാണു ലഭിക്കുക. ചക്കയൊന്നിന് ശരാശരി പത്തു കിലോഗ്രാം ഭാരമുണ്ടാകുമെന്നു കണക്കാക്കുന്നു.

�
സൂപ്പര്‍ ഏര്‍ലി പ്ലാവിന്റെ നല്ല വളര്‍ച്ചയ്ക്കും മികച്ച വിളവിനും വേണ്ട അനുകൂല കാലാവസ്ഥാ സാഹചര്യങ്ങളാണ് കേരളത്തില്‍ നിലവിലുള്ളത്. 25-38 ഡിഗ്രി സെല്‍ഷ്യസ് താപനില, പ്രതിവര്‍ഷം 1000-3000 മില്ലിമീറ്റര്‍ മഴ, സമുദ്രനിരപ്പില്‍ നിന്നു 0-90 അടി ഉയരം, ചൂടു കൂടിയ വേനല്‍ക്കാലം, നല്ല സൂര്യപ്രകാശം എന്നിങ്ങനെയാണ് സൂപ്പര്‍ ഏര്‍ലി പ്ലാവിന്റെ വളര്‍ച്ചയ്ക്കാവശ്യമെന്നു വിലയിരുത്തുന്ന കാലാവസ്ഥാ ഘടകങ്ങള്‍. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയില്‍ പ്രധാനമായി ശ്രദ്ധിക്കാനുള്ളത് ചക്കകളുടെ എണ്ണം നിയന്ത്രിക്കുന്നതു മാത്രമാണ്.