ഐ.ടി ഉപേക്ഷിച്ച് തരിശുഭൂമിയിൽ നേട്ടം കൊയ്ത് യുവാവ്

രതീഷ് കൃഷിയിടത്തിൽ
പയ്യന്നൂർ: ബംഗളൂരുവിൽ ഐ.ടി മേഖലയിലെ ഒന്നര പതിറ്റാണ്ടു നീണ്ട ജോലി ഉപേക്ഷിച്ച് തരിശുഭൂമിയിൽ കൃഷിയിറക്കി നേട്ടം കൊയ്യുകയാണ് ഈ യുവ കർഷകൻ. മയ്യിൽ വള്ളിയോട്ട് സ്വദേശി പി. രതീഷാണ് കൃഷിയെ പ്രണയിക്കുന്ന ഈ യുവ കർഷകൻ.
മാതമംഗലത്തിനടുത്ത് കോയിപ്രയിൽ ബന്ധുവിന്റെ 10 ഏക്കറോളം സ്ഥലത്താണ് കൃഷി. നാട്ടിൽ ചെറിയ തോതിൽ കൃഷി ചെയ്താണ് തുടക്കം.
കഴിഞ്ഞ മഴക്കാലത്തോടെയാണ് വലിയ പദ്ധതിയുടെ തുടക്കം. 1500 ഓളം നേന്ത്രവാഴ, 2000 ഓളം ഞാലിപ്പൂവൻ, മരച്ചീനി തുടങ്ങിയവയാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. നാടൻ ഏത്തവാഴയുടെ കന്ന് തമിഴ്നാട്ടിൽ നിന്നാണ് കൊണ്ടുവന്നത്. ഇനി സ്വർണമുഖി ഇനം കൂടി പരീക്ഷിക്കാനാണ് തീരുമാനം.
നിലവിൽ വാഴക്കുലകൾ വിളവെടുത്തതോടെ കന്നുകൾ ആവശ്യക്കാർക്ക് നൽകുമെന്ന് രതീഷ് പറഞ്ഞു.അടുത്ത മഴക്കാലത്തോടെ കൃഷി കുറച്ചുകൂടി വിപുലീകരിക്കാനാണ് ലക്ഷ്യം. മഞ്ഞൾ, ഇഞ്ചി, ചേന തുടങ്ങിയവ കൂടി കൃഷി ചെയ്യാനാണ് പദ്ധതി. വൈദ്യുതി വകുപ്പിന്റെ കാരുണ്യം കൂടി രതീഷിന്റെ കാർഷിക വിജയത്തിന് അനിവാര്യമാണ്.കൃഷി സ്ഥലത്തുതന്നെയാണ് താമസം.
രാവിലെ അഞ്ചു മുതൽ തുടങ്ങുന്ന കൃഷിപ്പണി രാത്രി വരെ നീളും. അത്യാവശ്യത്തിന് കൃഷിപ്പണിക്ക് തൊഴിലാളികളെ വെക്കാറുണ്ട്. എരമം കുറ്റൂർ കൃഷി ഭവന്റെ സഹായത്തോടെയും മാർഗ നിർദേശങ്ങളോടെയുമാണ് കൃഷി ചെയ്യുന്നതെന്ന് രതീഷ് പറഞ്ഞു. നല്ല സഹായമാണ് പഞ്ചായത്തും കൃഷി വകുപ്പും നൽകി വരുന്നത്.
മുമ്പ് റബർ മരം ഉണ്ടായ പ്രദേശം വെട്ടിത്തെളിച്ചാണ് കൃഷി ചെയ്യുന്നത്.