ഇഞ്ചി കൃഷിക്ക് ഫംഗസ് ബാധ; കുടകിൽ മലയാളി കർഷകർ ആശങ്കയിൽ

ഇരിട്ടി: മലയോരത്ത് കാട്ടാനകളും കാട്ടുപന്നികളും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളിൽനിന്ന് രക്ഷ നേടാൻ ചുരം കയറിയ മലയാളിയുടെ പ്രതീക്ഷക്ക് മങ്ങലേൽപിച്ച് ഇഞ്ചി കൃഷിക്കുണ്ടായ ഫംഗസ്ബാധ കർഷകരുടെ നെഞ്ചിടിപ്പേറ്റുന്നു. കുടക് ജില്ലകളിലെ ഇഞ്ചി കൃഷികളില്‍ വ്യാപകമായി ഫംഗസ് അണുബാധ പടരുന്നതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്.
വയനാട്, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍നിന്ന് നിരവധി മലയാളി കര്‍ഷകര്‍ കുടകില്‍ ഇഞ്ചി കൃഷി നടത്തുന്നുണ്ട്. ഇവര്‍ക്കും കൃഷിയിടത്തിലെ പുതിയ രോഗബാധ ഭീഷണിയാകുകയാണ്. പുതിയ രോഗബാധ കണ്ടെത്തിയത് കൃഷി വകുപ്പ് വളരെ ഗൗരവമായാണ് കാണുന്നത്.
‘പൈറിക്കുലാരിയ’ എന്ന ഫംഗസ് രോഗകാരിയാണ് ഇഞ്ചി തോട്ടങ്ങളില്‍ പടരുന്നത്. കര്‍ണാടകയിലെ അപ്പംഗല, കോഴിക്കോട് എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ് റിസര്‍ച്ച് സെന്റര്‍ ഗവേഷകരെത്തി രോഗബാധ സ്ഥിരീകരിച്ചു.
മടിക്കേരിയിലെ മലയാളികളുടെ കൃഷിത്തോട്ടങ്ങളിലാണ് കോഴിക്കോട് സെന്ററിലെ ഗവേഷകരെത്തി പരിശോധന നടത്തിയത്. നെല്ല് ഉള്‍പ്പെടെയുള്ള സസ്യങ്ങളിലാണ് പൈറിക്കുലാരിയ സാധാരണയായി കണ്ടുവരാറുള്ളതെന്ന് ഗവേഷകര്‍ പറയുന്നു.
ഇഞ്ചി വിളകളില്‍ ഇത് ആദ്യമായാണ് സംഭവിക്കുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഫംഗസ് ബാധിച്ചാല്‍ ഇഞ്ചി ചെടിയുടെ ഇലകളില്‍ ആദ്യഘട്ടത്തില്‍ കറുപ്പ്, പച്ച പാടുകള്‍ ഉണ്ടാകുന്നു. അണുബാധ പൂര്‍ണമായും പിടിപെട്ടുകഴിഞ്ഞാല്‍, അത് വേഗത്തില്‍ പടർന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മുഴുവന്‍ കൃഷിയിടവും നശിക്കും. ഇത് ഗുരുതരമായ വിളനാശത്തിനും സസ്യങ്ങൾ നശിക്കുന്നതിനും കാരണമാകും.
പ്രാഥമികമായി ഇതിനുള്ള പ്രതിരോധ മാര്‍ഗങ്ങളെ സംബന്ധിച്ച് കൃഷി വകുപ്പ് മേഖലയില്‍ കര്‍ഷകര്‍ക്കിടയില്‍ ബോധവത്കരണം ആരംഭിച്ചിട്ടുണ്ട്. കൃഷിയിടങ്ങളില്‍ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി കുമിള്‍നാശിനി പ്രയോഗിക്കണമെന്ന് കര്‍ഷകര്‍ക്ക് കൃഷി വകുപ്പ് മുന്നറിയിപ്പ് നല്കി.
ഫംഗസ് വ്യാപിച്ച പ്രദേശങ്ങളില്‍ ഇഞ്ചി കൃഷി താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും നിർദേശമുണ്ട്. രോഗത്തിന്റെ സവിശേഷതകളും പാരിസ്ഥിതിക പ്രേരകങ്ങളും മനസ്സിലാക്കാന്‍ ഗവേഷകര്‍ കൂടുതല്‍ പഠനം തുടരുകയാണ്.